യു.എ.ഇയിൽ നഗരങ്ങൾ വെള്ളത്തിൽ; ബഹ്റൈനിൽ റോഡുകളിൽ വെള്ളക്കെട്ട്; ഒമാനിൽ വാദികൾ നിറഞ്ഞൊഴുകി; ഖത്തറിലും മഴ, ഡോക്ടർ മുങ്ങിമരിച്ചു
ദുബൈ: യു.എ.ഇയിൽ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴ തുടരുന്നു. പല ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും ആലിപ്പഴ വർഷത്തിന്‍റെയും അകമ്പടിയോടെയാണ് മഴയെത്തിയത്. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ കാരണം റദ്ദാക്കി. ദുബൈ മെട്രോ, ബസ്, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു.
അതേസമയം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ദുബൈ മെട്രോ പുലർച്ച മൂന്നുവരെ സർവിസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കെട്ടിടങ്ങളിലും താമസ സ്ഥലങ്ങളിലും പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിൽ മുന്നോട്ടുപോകാനാകാതെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുമുണ്ട്. ദുരന്തനിവാരണത്തിന് ശക്തമായ സംവിധാനങ്ങളുമായി വിവിധ സർക്കാർ സംവിധാനങ്ങൾ രംഗത്തുണ്ട്. ഇതുവരെ ജീവഹാനി നേരിട്ട അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മോശം കാലാവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച വരെ വിദ്യാലയങ്ങൾക്ക് ഓൺലൈൻ പഠനം അനുവദിച്ചിരിക്കുകയാണ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം നൽകിയിട്ടുമുണ്ട്. അബൂദബിയിലും അൽഐനിലും ചിലഭാഗങ്ങളിൽ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മഴ ബുധനാഴ്ച പകലോടെ കുറയുമെന്നാണ് കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. വടക്കു കിഴക്കൻ എമിറേറ്റുകളിലും മഴ ശക്തമാണ്. രാജ്യത്തെ ഡാമുകളിൽ ചിലത് കവിഞ്ഞൊഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മനാമ: ബഹ്റൈനിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി വീശിയടിച്ച ശക്തമായ കാറ്റിനും മഴക്കും ചൊവ്വാഴ്ച ഉച്ചയോടെയാണ് ശമനമുണ്ടായത്. മഴ ശമിച്ചെങ്കിലും മിക്ക പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് രൂക്ഷമായ ഗതാഗത തടസ്സത്തിനിടയാക്കി. ദിവസങ്ങൾക്കു മുമ്പുതന്നെ മഴയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ സുരക്ഷ സംവിധാനങ്ങൾ സജ്ജമായിരുന്നു.
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. സ്കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വീടുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും കടകളിലും നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. വെള്ളക്കെട്ടുണ്ടായ റോഡുകളിൽ ഗതാഗതം തിരിച്ചുവിട്ടു. വെള്ളക്കെട്ട് ഒഴിവാക്കാനായി യന്ത്രസഹായത്തോടെ വെള്ളം പമ്പുചെയ്ത് മാറ്റുകയായിരുന്നു. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ നേരത്തേതന്നെ ക്രമീകരിച്ചിരുന്നു.
മസ്കത്ത്: ഒമാനിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ കുതിർന്ന് വടക്കൻ ഗവർണറേറ്റുകൾ. കനത്ത കാറ്റുമുണ്ട്. മുസന്ദം, ബുറൈമി, ദാഹിറ, വടക്ക്-തെക്ക് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലുമാണ് മൂന്നാംദിവസവും മഴ കോരിച്ചൊരിഞ്ഞത്. ആലിപ്പഴവും വർഷിച്ചു. മിക്ക ഗവർണറേറ്റുകളിലെയും വാദികൾ നിറഞ്ഞൊഴുകുകയാണ്.
റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനങ്ങളാണ് നടത്തുന്നത്. ആയിരക്കണക്കിന് ആളുകളെ വിവിധ ഇടങ്ങളിൽനിന്ന് രക്ഷിക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിനടിയിലണ്. സുഹാർ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ റോഡുകളും തകർന്നിട്ടുണ്ട്. പത്ത് കുട്ടികളുൾപ്പെടെ 18 പേരാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പൊലിഞ്ഞത്. അതേസമയം, മഴയുടെ ശക്തി ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച പുലർച്ചവരെയുള്ള കാലയളവിൽ കുറയുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥ നിരീക്ഷകൻ കൗസർ ബിൻത് സുലൈമാൻ അൽ ജാബ്രി പറഞ്ഞു.
ദോഹ: തിങ്കളാഴ്ച രാത്രി മുതൽ ഖത്തറിൽ ശക്തമായ കാറ്റ് വീശി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയും ലഭിച്ചു. കാലാവസ്ഥ വിഭാഗം മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച സ്കൂളുകൾ, സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു.
സർക്കാർ ഓഫിസുകളിൽ അവശ്യവിഭാഗം ഒഴികെ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിലാണ് കാര്യമായി മഴ പെയ്തത്. തിങ്കളാഴ്ച വൈകീട്ട് ശക്തമായ കാറ്റിനെ തുടർന്ന് പ്രക്ഷുബ്ധമായ കടലിൽ അപകടത്തിൽപെട്ട വിദേശ ഡോക്ടർ മുങ്ങി മരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ജനറൽ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. മാജിദ് സുലൈമാൻ അൽ ഷൻവാർ ആണ് സീലൈൻ ബീച്ചിൽ മരിച്ചത്. ബുധനാഴ്ച രാവിലെ വരെ കാലാവസ്ഥ മുന്നറിയിപ്പുണ്ട്. കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.