ദുബൈ: അഫ്ഗാനിസ്താനിൽ നിന്ന് ഉന്നതപഠനത്തിനായി മൂന്ന് വിദ്യാർഥിനികൾ ദുബൈയിലെത്തി. വ്യാഴാഴ്ച രാവിലെ ദുബൈ വിമാനത്താവളത്തിലിറങ്ങിയ വിദ്യാർഥിനികളെ അൽ ഹബ്ദൂർ ഗ്രൂപ് മാനേജ്മെന്റ് ടീം സ്വീകരിച്ചു. യൂനിവേഴ്സിറ്റി ഓഫ് ദുബൈയിൽ സ്കോളർഷിപ് ലഭിച്ച കുട്ടികളാണ് ദുബൈയിൽ എത്തിയതെന്ന് പ്രമുഖ ഇമാറാത്തി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ് അഹമ്മദ് അൽ ഹബ്ത്തൂർ എക്സിലൂടെ അറിയിച്ചു.
യൂനിവേഴ്സിറ്റി ഓഫ് ദുബൈ പ്രസിഡന്റും മുൻ സി.ഇ.ഒയുമായ ഡോ. ഈസ അൽ ബസ്തകിയുടെയും അൽ ഹബ്ദൂർ ഗ്രൂപ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ വിദ്യാർഥിനികളുമായി സംസാരിച്ചതായും അവർ സുരക്ഷിതമായി എത്തിയതിൽ സന്തോഷമുണ്ടെന്നും ഖലാഫ് അഹമ്മദ് അൽ ഹബ്ദൂർ പറഞ്ഞു. ലോകത്തെ സുരക്ഷിതമായ നഗരങ്ങളിലൊന്നായ ദുബൈയിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്നു.
മറ്റ് കുട്ടികൾക്കും ഉടൻ ദുബൈയിൽ എത്താനാവുമെന്നാണ് പ്രതീക്ഷ. അൽ ഹബ്ദൂർ ഗ്രൂപ് ദുബൈയിലെ പ്രമുഖ യൂനിവേഴ്സിറ്റികളുടെ സഹകരണത്തോടെ അഫ്ഗാനിലെ 100 പെൺകുട്ടികൾക്ക് ഉന്നത പഠനാവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദുബൈയിൽ പഠനത്തിനായി പുറപ്പെട്ട 100 വിദ്യാർഥിനികളെ കാബൂൾ വിമാനത്താവളത്തിൽ താലിബാൻ ഭരണകൂടം തടഞ്ഞിരുന്നു.
താലിബാന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച ഖലാഫ് അഹമ്മദ് അൽ ഹബ്ദൂർ ലോകത്തെ സന്നദ്ധ സംഘടനകളോട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.