ദുബൈ: സുസ്ഥിര പാക്കേജിങ് ഉല്പാദനരംഗത്ത് മുന്‍നിരയിലുള്ള ഹോട്ട്പാക്ക് ഗ്ലോബൽ ദുബൈ നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ പ്ലാന്റില്‍ റൂഫ്ടോപ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചു. 2.2 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റുകളില്‍ ഒന്നാണ്.
വര്‍ഷംതോറും 35.2 ലക്ഷം കിലോവാട്ട് ഹവേഴ്സ് ശുദ്ധ ഊർജമാണ് പ്ലാന്റ് ലക്ഷ്യമിടുന്നത്. ഇതുവഴി കമ്പനിക്ക് പരമ്പരാഗത ഊര്‍ജ ഉപഭോഗം ഗണ്യമായി കുറക്കാനാകും. മാത്രമല്ല, കാര്‍ബണ്‍ ഡൈയോക്സൈഡ് ബഹിര്‍ഗമനം വര്‍ഷംതോറും 2.992 ടണ്‍ കുറച്ചുകൊണ്ടുവരാനും സാധിക്കും. വര്‍ഷം 1,42,476 മരങ്ങള്‍ വീതം വെച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിത്.
കമ്പനി പ്രവര്‍ത്തനങ്ങളെ സുസ്ഥിര മാര്‍ഗങ്ങളുമായി സമന്വയിപ്പിക്കുന്നതില്‍ കൈവരിച്ച മുന്നേറ്റവും ഞങ്ങളുടെ ടീം പ്രകടിപ്പിച്ച സമര്‍പ്പണവും അഭിമാനകരമാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ഹോട്ട്പാക്കിന് സുസ്ഥിര വികസനം എന്നത് ഒരു ഉത്തരവാദിത്തം മാത്രമല്ല, അതൊരു മുഖ്യ ബിസിനസ് തന്ത്രം കൂടിയാണ്.
ഒരു കാര്‍ബണ്‍ രഹിത പാക്കേജിങ് കമ്പനിയായി മാറുകയെന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചരിത്രപരമായ കാല്‍വെപ്പാണ് ഈ സൗരോര്‍ജ പദ്ധതിയുടെ പൂര്‍ത്തീകരണം. പുനരുല്പാദന ഊര്‍ജം പ്രയോജനപ്പെടുത്തുകവഴി, ദീര്‍ഘകാലത്തേക്കുള്ള പ്രവര്‍ത്തനക്ഷമതയും ചെലവ് കുറക്കലും ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ഞങ്ങളുടെ എന്‍വയോണ്‍മെന്റല്‍ ഫൂട്ട്പ്രിന്റുകള്‍ കുറച്ചുകൊണ്ടുവരുകയുമാണ് ചെയ്യുന്നത്.
യു.എ.ഇയുടെ ‘നെറ്റ് സീറോ 2050’ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് ഒപ്പംനില്ക്കുന്നതാണ് പദ്ധതിയെന്നും പി.ബി. അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന ഉല്പാദന ക്ഷമതയോടെയും കുറഞ്ഞ കാര്‍ബണ്‍ ബഹിര്ഗമനത്തോടെയുമുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ, ഊര്‍ജ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതാണ് ഈ സൗരോര്‍ജ പദ്ധതിയെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.