അബൂദബി നഗരത്തോട് ചേർന്ന ഹുദൈരിയാത്ത് ദ്വീപ് തലസ്ഥാനത്തെ മികച്ച വിനോദ കായിക വിശ്രമ കേന്ദ്രമാണ്. നഗരത്തിലെ അൽ ബത്തീനിൽ നിന്ന് 1.3 കിലോമീറ്റർ നീളത്തിലുള്ള മനോഹരമായ സ്റ്റേ കേബിൾ പാലം കടന്നാൽ ദ്വീപിലെത്താം. വ്യായാമം ചെയ്യാനും ആസ്വദിക്കാനുമെല്ലാം മികച്ച സ്ഥലം. ഹുദൈരിയത്ത് ലെഷർ ആൻഡ് എൻറർടൈൻമെൻറ് ഡിസ്ട്രിക്ടിലെ ആധുനിക സൗകര്യങ്ങളും ഔട്ട്ഡോർ ആകർഷണങ്ങളും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം ആർക്കും എത്താനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും അതിമനോഹരമായ ചുറ്റുപാടുകളിൽ ഫിറ്റ്നസ്-തീം രസകരമാക്കാനും കഴിയുന്ന മികച്ച ഇടമാണ്. ഭിന്നശേഷിക്കാർക്കും വൈവിധ്യമാർന്ന വിനോദ വെല്ലുവിളികൾ ഏറ്റെടുക്കാനും വിശ്രമിക്കാനും പുതിയ കഴിവുകൾ പഠിക്കാനും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുമുള്ള സ്ഥലമാണിത്. സൗഹാർദപരവും സ്വാഗതാർഹവുമായ അന്തരീക്ഷമാണിവിടെ. സൗഹൃദങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ഹുദൈരിയാത്ത് ദ്വീപ് എല്ലാ പ്രായക്കാരെയും ആകർഷിക്കുന്നുണ്ട്.
എപ്പോഴും ശാരീരികക്ഷമത കൈവരിക്കാനും സജീവമായിരിക്കാനും ഇഷ്ടപ്പെടുന്നവർക്ക് ആവേശകരമായ കായിക ഗ്രാമമാണ് ദ്വീപിലെ 321 സ്പോർട്സ്. ഇവിടെയെത്തുന്ന താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും നഗരത്തിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാനും വിവിധതരം കായിക വിനോദങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്. ഇൻഡോർ, ഔട്ട്ഡോർ ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ, ഫുട്ബോൾ പിച്ച്, അത്ലറ്റിക്സ് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം 321 സ്പോർട്സ് കേന്ദ്രത്തിൽ യോഗ സ്റ്റുഡിയോ, ഫിറ്റ്നെസ് സോൺ, കുട്ടികളുടെ നഴ്സറി, കഫെ എന്നിവയുമുണ്ട്.
ബൈക്ക് പാർക്ക് താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും തിരക്കിൽ നിന്ന് മാറി വിനോദ പരിപാടികളിൽ ഏർപ്പെടാൻ അവസരമുണ്ട്. ബൈക്കിങ്, നടത്തം, ജോഗിങ് എന്നിവക്കുള്ള ട്രാക്കുകളും ഷേഡുള്ള ഒട്ടേറെ വിശ്രമ സ്ഥലങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. തുടക്കക്കാർക്കായി രൂപകൽപന ചെയ്ത പാതയുണ്ട്. അടയാളങ്ങൾ ഉൾക്കൊള്ളുന്ന ലൂപ്പിൽ രൂപകൽപ്പന ചെയ്ത സൈക്ലിങ് പാത കുട്ടികൾക്ക് സുരക്ഷിത സഞ്ചാരം പരിചയപ്പെടുത്തും. സൈക്ലിങിലേർപ്പെടുന്ന കുട്ടികൾക്കൊപ്പം മാതാപിതാക്കളോ രക്ഷകർത്താക്കളോ വേണം. ഇൻറർമീഡിയറ്റ് ട്രയൽ സൈക്ലിസ്റ്റുകൾക്ക് ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്. ബി.എം.എക്സ് പാർക്ക്, സ്പ്ലാഷ് പാർക്ക്, ഹൈ റോപ്സ് പാർക്ക്, സ്കേറ്റ് പാർക്ക് എന്നിങ്ങനെ സവിശേഷവും ആവേശകരവുമായ നാല് പാർക്കുകൾ സർക്യൂട്ട് എക്സിലെത്തുന്നവരെ കാത്തിരിക്കുന്നുമുണ്ട്. പ്രകൃതിയോട് കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹുദൈരിയത്ത് ദ്വീപിന് ചുറ്റുമൊന്നു സഞ്ചരിച്ചാൽ മതി. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നീന്തിത്തുടിക്കാൻ വളരെ സുരക്ഷിതമാണ് ദ്വീപിലെ ബീച്ച്. ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ് ബാൾ, ടെന്നീസ് എന്നിവയ്ക്കായി നാല് കോർട്ടുകളും ബീച്ചിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.