ദുബൈ: കേരളത്തിന്റെ സ്നേഹവും പെരുമയും നിലനിർത്തുന്നതിന് പ്രവാസികളെ അണിനിരത്തി നടത്തുന്ന ബോധവത്കരണ പരിപാടി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ പൂർവകാല സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നന്മകൾ കൂടുതൽ പ്രസരിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. അതിരുകളില്ലാത്ത സ്നേഹ-സഹവർത്തിത്വത്തിന്റെ സൗന്ദര്യമായിരുന്നു കേരളത്തിന്റെ മുഖശ്രീ. അതിന് വിഘാതമാവുന്ന തരത്തിൽ വിദ്വേഷത്തിന്റെ വിഷംപേറുന്ന ചില ചിന്താഗതികളും വിഷവിത്തുകളും നമ്മുടെ അന്തരീക്ഷത്തെ പൊടിപടലമാക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കാമ്പയിൻ. രണ്ടാഴ്ച നീണ്ടുനിന്ന ‘മീറ്റ് ദി പീപ്പിൾ’ എന്ന ഈ സന്ദേശക്കൈമാറ്റത്തിൽ ഐ.സി.എഫ് ഘടകങ്ങളിലെ പ്രവർത്തകർ മികച്ച മുന്നേറ്റമാണ് നടത്തിയത്. മൂന്ന് പേരടങ്ങിയ 1452 ടീമുകൾ 83287 പേർക്ക് നേരിട്ട് സന്ദേശം കൈമാറി. കാമ്പയിന്റെ രണ്ടാംഘട്ടത്തിൽ പ്രവാസലോകത്ത് വ്യത്യസ്ത പരിപാടികൾ നടക്കും. മൂന്നാം ഘട്ടമായി കേരളത്തിലും വിപുലമായ പദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്.
ദേശീയ തലത്തിൽ ഏഴ് ഹാർമണി കോൺക്ലേവ്, അഞ്ച് മേഖലകളിൽ ഹാർമണി കൊളോക്യം, 80 സെൻട്രലുകളിൽ ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ’, 700 സെക്ടർ-യൂനിറ്റ് തലത്തിൽ ചായച്ചർച്ച, വിഡിയോ സന്ദേശം എന്നിവയാണ് പ്രവാസ ലോകത്ത് നടക്കുന്ന പരിപാടികൾ. വിവിധ മതവിശ്വാസികൾ കൂട്ടായും ഒറ്റക്കും സ്നേഹ കേരളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ, ഓഡിയോ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. പരിപാടികളിൽ കേരളത്തിൽ നിന്നുള്ള മതമേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ, രാഷ്ട്രീയകക്ഷി പ്രമുഖർ, സാഹിത്യകാരന്മാർ, വ്യവസായിക പ്രമുഖർ, സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കൾ, പത്രപ്രവർത്തകർ തുടങ്ങിയവർ കാഴ്ചപ്പാടുകളും നിർദേശങ്ങളും അവതരിപ്പിക്കും. കേരളത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്നേഹപ്പഞ്ചായത്ത്, സംസ്ഥാന തലത്തിൽ സെമിനാർ എന്നിവയും നടക്കും. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്യപ്പെടുന്ന snehakeralam.com വെബ്സൈറ്റിലൂടെ സ്നേഹകേരളം സുസാധ്യമാക്കുന്നതിനുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കും. മാർച്ച് 17ന് നടക്കുന്ന സമ്മേളനത്തോടെയായിരിക്കും സ്നേഹകേരളം കാമ്പയിൻ സമാപിക്കുക.
വാർത്തസമ്മേളനത്തിൽ ഐ.സി.എഫ് യു.എ.ഇ നാഷനല്‍ സംഘടന കാര്യ പ്രസിഡന്റ് ഉസ്മാന് സഖാഫി തിരുവത്ര, ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, വെല്‍ഫെയര്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി തളങ്കര, പ്രസിദ്ധീകരണ വിഭാഗം കൺവീനർ സലാം മാസ്റ്റർ കാഞ്ഞിരോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.