ദുബൈ: ഐ.സി.എഫ് ഭാരവാഹികൾ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ, ലേബർ കോൺസുൽ ബിജേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഐ.സി.എഫ് മെഡിക്കൽ വിങ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ വിശദീകരിക്കാനും പിന്തുണയും സഹകരണവും ആവശ്യപ്പെട്ടുമായിരുന്നു കൂടിക്കാഴ്ച.
പ്രവാസി ഇന്ത്യക്കാരിൽ വർധിച്ചുവരുന്ന ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും യുവാക്കളിൽ വർധിച്ചുവരുന്ന മരണത്തെക്കുറിച്ചും ബോധവത്കരണ പരിപാടികൾ നടത്തേണ്ടതിന്റെ ആവശ്യം സംഘം മുന്നോട്ടുവെച്ചു. നിർധനരായ കിടപ്പുരോഗികളെ നാട്ടിലെത്തിക്കുക, വിസിറ്റിങ് വിസയിലെത്തി രോഗികളാവുന്നവരെയും മരണപ്പെടുന്നവരെയും സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം, ഓവർ സ്റ്റേ ആയും നിയമക്കുരുക്കിൽ അകപ്പെടുകയും ചെയ്യുന്ന രോഗികളെ നാട്ടിലെത്തിക്കുക, തുച്ഛ ശമ്പളം ലഭിക്കുന്ന പ്രവാസികൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ ഭീമമായ ചികിത്സാചെലവുകൾ വഹിക്കാൻ മെഡിക്കൽ പ്രിവിലേജ് സംവിധാനം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിലെ നടപടിക്രമങ്ങൾ, അവധി ദിവസങ്ങളിൽ യു.എ.ഇ ഡിപ്പാർട്മെന്റുകളിൽ നിന്നും ഡെത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ലഭിക്കാൻ ഇടപെടൽ തുടങ്ങി നിരവധി വിഷയങ്ങളിൽ ആശയവിനിമയം നടത്തുകയും ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ഐ.സി.എഫ് യു.എ.ഇ നാഷനൽ വെൽഫെയർ പ്രസിഡന്റ് കരീം തളങ്കര, നാഷനൽ മെഡിക്കൽ വിങ് ഡയറക്ടർ അനീസ് തലശ്ശേരി, ദുബൈ സെൻട്രൽ വെൽഫെയർ സെക്രട്ടറി നസീർ ചൊക്ലി, മെഡിക്കൽ കോഓഡിനേറ്റർ ഷാജി വടക്കേക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.