ജിദ്ദ: സൗദിയിലേക്ക് വരാനാകാതെ ദുബൈയിലും യു.എ.ഇയുടെ മറ്റിടങ്ങളിലും കുടുങ്ങിയ പ്രവാസികൾക്ക് ഐ.സി.എഫ് യു.എ.ഇ കമ്മിറ്റി ജബൽ അലിയിൽ സൗജന്യ പാർപ്പിട സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഐ.സി.എഫ് സൗദി നാഷനൽ കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് യു.എ.ഇ യിൽ കുടുങ്ങിയ നൂറു കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി ഐ.സി.എഫ് യു.എ.ഇ കമ്മറ്റി സൗകര്യമൊരുക്കിയത്.
കോവിഡിന്‍റെ രണ്ടാം വരവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സൗദി അന്താരാഷ്ട്ര വിമാന സർവീസിന് വിലക്കേർപ്പെടുത്തിയ കാരണത്താൽ സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനായി യു.എ.ഇയിലെത്തിയ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്. ട്രാവൽ ഏജൻസികളുടെ രണ്ടാഴ്ചത്തെ താമസ പാക്കേജിൽ എത്തുകയും അപ്രതീക്ഷിതമായി വന്ന യാത്രാ നിയന്ത്രണം കാരണം താമസത്തിനും ഭക്ഷണത്തിനും പണമില്ലാതെ കുടുങ്ങിയ സഹോദരങ്ങളെ സഹായിക്കാൻ ഐ.സി.എഫ് മുന്നോട്ടു വരികയായിരുന്നു.
കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുടെ ഇടപെടലും മർകസു സഖാഫത്തി സുന്നിയ്യയുടെ സഹകരണവും കൂടി ഉണ്ടായതോടെ ഏകദേശം 250 പേർക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം ജബൽ അലിയിൽ സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. ഇവിടെ താമസവും ഭക്ഷണവും പൂർണമായും സൗജന്യമായാണ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ.സി.എഫ് യു.എ.ഇ ഹെൽപ്പ് ഡസ്ക് എല്ലാ പ്രദേശങ്ങളിലും രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സേവനം ആവശ്യമുള്ളവർ +971 504733009 (ദുബൈ), +971 505194832 (ഷാർജ), +971 555779073 (അജ്മാൻ), +971 507696590 (റാസൽ ഖൈമ ), +971 505226001 (ഫുജൈറ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സൗദിയടക്കമുള്ള രാജ്യങ്ങളിലേക്ക് വരാനാകാതെ കുടുങ്ങിയ മലയാളികൾക്ക് സൗജന്യ താമസമൊരുക്കാൻ മുന്നോട്ടു വന്ന ഐ.സി.എഫ് യു.എ.ഇ കമ്മറ്റിയെ അഭിനന്ദിക്കുന്നതായി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, അബ്ദുസ്സലാം വടകര, മുജീബ് എ.ആർ നഗർ, ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.