അബൂദബി: പ്രപഞ്ചനാഥന് മുന്നിൽ തലകുനിക്കാൻ മലപ്പുറം താനൂർ സ്വദേശി ജലീലിന് ഇനി പ്രയാസമില്ലാതെ പള്ളിയിൽ പ്രവേശിക്കാം. നാട്ടിലെ പള്ളിക്കമ്മിറ്റിയോട് ഒന്നര വർഷം ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യമാണ് അബൂദബി യൂനിവേഴ്സൽ ആശുപത്രിക്ക് സമീപത്തെ മിസ്അബ് ബിൻ ഉമൈർ പള്ളിയിലെ ഇമാം കണ്ടറിഞ്ഞ് ചെയ്തുകൊടുത്തത്. ജലീലിെൻറ പ്രയാസം മനസ്സിലാക്കിയ സോമാലിയൻ പൗരനായ ഇമാം ആബിദ് അകത്തെ പള്ളിയിലേക്ക് റാമ്പ് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.
യു.എ.ഇയിലെ പള്ളികളിലേക്ക് പുറത്തുനിന്ന് കയറാൻ പൊതുവെ റാമ്പുകളുണ്ട്. എന്നാൽ വരാന്തയിൽനിന്ന് അകത്തേക്ക് എല്ലായിടത്തും റാമ്പുകളില്ല. അഞ്ചുനേരവും പള്ളിയിലെത്തുന്ന ജലീൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് വീൽചെയറിൽ പള്ളിക്ക് അകത്തേക്ക് പ്രവേശിച്ചിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട ഇമാം ആബിദ് ആരുടെയും സഹായമില്ലാതെ തന്നെ പള്ളിയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് റാമ്പിെൻറ നിർമാണം പൂർത്തിയാക്കിയത്. ഇപ്പോൾ പ്രയാസരഹിതമായി പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്താൻ സാധിക്കുന്നുണ്ടെന്ന് ജലീൽ പറഞ്ഞു. നാട്ടിലെ പള്ളിക്കമ്മിറ്റിയോട് ഒന്നര വർഷത്തോളം റാമ്പ് നിർമാണ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. മറ്റുള്ളവർക്ക് പ്രയാസമാകുമെന്നായിരുന്നു അവരുടെ മറുപടിയെന്നും ജലീൽ വ്യക്തമാക്കി.
നിശ്ചയദാർഢ്യ വ്യക്തികളോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്യുന്ന രാജ്യമാണ് യു.എ.ഇ എന്ന് അഞ്ച് മാസമായി അബൂദബി യൂനിവേഴ്സൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജലീൽ പറയുന്നു. ബസുകളിലും ബസ് സ്റ്റേഷനുകളിലും റോഡ് ക്രോസിങ്ങുകളിലും മെട്രോ സ്റ്റേഷനുകളിലുമെല്ലാം ഇത് അനുഭവിക്കാൻ സാധിക്കും. വാഹന പാർക്കിങ് സ്ഥലം അനുവദിക്കുന്നതിലും പ്രത്യേക ശുചിമുറികൾ ഒരുക്കുന്നതിലും യു.എ.ഇ നിശ്ചയദാർഢ്യ വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുന്നു. യു.എ.ഇയിൽ സ്ഥിര താമസമാക്കിയാലോ എന്ന് തോന്നിപ്പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21ാം വയസ്സിൽ നടത്തിയ ശസ്ത്രക്രിയയിലെ പിഴവ് കാരണം നെട്ടല്ലിലെ ഞരമ്പ് മുറിഞ്ഞാണ് ജലീൽ വീൽചെയറിലായത്. എന്നാൽ, രണ്ട് വർഷത്തെ കിടപ്പിൽനിന്ന് എഴുന്നേറ്റിരിക്കാൻ സാധിച്ചതോടെ ഇദ്ദേഹം വീണ്ടും പ്രവർത്തനമേഖലയിൽ സജീവമായി. അപകടത്തിന് മുമ്പ് തയ്യൽജോലി ചെയ്തിരുന്ന ജലീൽ തയ്യൽയന്ത്രത്തിൽ പ്രത്യേക സംവിധാനം ഘടിപ്പിച്ച് വീണ്ടും പ്രവൃത്തിയിൽ വ്യാപൃതനാവുകയായിരുന്നു. പിന്നീട് എസ്.ടി.ഡി ബൂത്ത് നടത്തുകയും ഒാഹരിവിപണിയിൽ കൈവെക്കുകയും ചെയ്തു. കിടപ്പിലായവർക്കും വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും തൊഴിൽപരിശീലനം നൽകുന്ന പരപ്പനങ്ങാടിയിലെ ഫേസ് ഫൗണ്ടേഷൻ ഒാഫ് ഇന്ത്യയിൽ ചേർന്നേതാടെയാണ് ജലീലിെൻറ യു.എ.ഇ യാത്രക്ക് വഴിയൊരുങ്ങിയത്. നിശ്ചയദാർഢ്യ ചിറകിലേറി ആരംഭിച്ച ഇൗ പ്രവാസത്തെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ റിപ്പോർട്ടു ചെയ്തിരുന്നു.
ദുബൈ കെ.എം.സി.സിയുടെയും ഫേസ് ഫൗണ്ടേഷെൻറയും പ്രസിഡൻറായ പി.കെ. അൻവർ നഹ മുൻകൈയെടുത്ത് യൂനിവേഴ്സൽ ആശുപത്രി എം.ഡി ഷബീർ നെല്ലിക്കോടിെൻറ സഹകരണേത്താടെ അബൂദബിയിലെത്തിക്കുകയായിരുന്നു. തനിക്ക് ഡോക്ടർമാരും ആശുപത്രി മാനേജ്മെൻറും മറ്റു സഹപ്രവർത്തകരും വലിയ സഹകരണമാണ് നൽകുന്നതെന്ന് ജലീൽ പറഞ്ഞു. വീൽചെയറിൽ സഞ്ചരിക്കുന്ന വളവന്നൂർ വേട്ടൻ വീട്ടിൽ റബീഹും ജലീലിനൊപ്പം ജോലിക്കായി യു.എ.ഇയിലെത്തിയിരുന്നു. ദുബൈ ആസ്റ്റർ ആശുപത്രിയിലാണ് റബീഹ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.