‘അകലങ്ങളില്‍’ ഹ്രസ്വ ചിത്രത്തില്‍ വേഷമിട്ട റാസല്‍ഖൈമ ഫിഷ് മാര്‍ക്കറ്റിലെ തൊഴിലാളികളും സംവിധായകന്‍ സിദ്ദീഖ് കടവത്ത് ഉണ്യാലും

മത്സ്യച്ചന്തയിലുണ്ട് ഇമ്മിണി 'വല്യ പ്രതിഭകള്‍'

റാസല്‍ഖൈമ: മഹാമാരി നാളിലെ ലോക്ഡൗണില്‍ ചലച്ചിത്ര ലോകം വിലങ്ങണിയുമ്പോള്‍ റാസല്‍ഖൈമ മീന്‍ ചന്തയിലെ ഒരു സംഘം മലയാളി യുവാക്കള്‍ ഒരുക്കിയ ഹ്രസ്വ ചിത്രം പുതു ചരിതമാകുന്നു. കാമറയും സാങ്കേതികതകളും രണ്ട് സ്ത്രീ കഥാപാത്രങ്ങളെയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു അഭിനേതാക്കളും, രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും ഓള്‍ഡ് റാസല്‍ഖൈമയിലെ മല്‍സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍. കോവിഡി​െൻറ പ്രഥമ ഘട്ടത്തില്‍ പ്രവാസ ലോകം അനുഭവിച്ച ആകുലതകളും വിഷമ സന്ധികളും വരച്ചുകാണിച്ചാണ് ചിത്രം പുരോഗമിക്കുന്നത്.

വര്‍ഷങ്ങളായി റാക് ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് കടവത്താണ് ചിത്രത്തി​െൻറ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലപ്പുറം തിരൂര്‍ ഉണ്യാല്‍ സ്വദേശിയാണ്. അഷ്റഫ് മാളിയേക്കലും ഹാദി മാളിയേക്കലും കാമറയും പി.കെ. വിനീഷ് എഡിറ്റിങ്ങും ഐ ജോണ്‍ ഇബിനസര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രം റാക് ഫിലിം മൂവ്മെൻറ്​ ആണ് നിര്‍മിച്ചിരിക്കുന്നത്. താന്‍ മത്സ്യം വാങ്ങാന്‍ സമീപിക്കുന്നവരുടെ മിനി സ്ക്രീനിലെ പ്രകടനം കൗതുകപ്പെടുത്തിയെന്ന് സാംസ്കാരിക പ്രവര്‍ത്തകനായ കെ.എം. അറഫാത്ത് അഭിപ്രായപ്പെട്ടു. പരിചയക്കുറവി​െൻറ ചെറു നിഴലുണ്ടെങ്കിലും 'അകലങ്ങളിൽ' മുന്നോട്ടുവെക്കുന്ന സന്ദേശവും 'താര'ങ്ങളുടെ പ്രകടനവും ഗംഭീരമാണെന്ന് പ്രമുഖ സൗണ്ട് എൻജിനീയറും ചിത്രത്തി​െൻറ സംഗീത സംവിധായകനുമായ ഐ ജോണ്‍ ഇബിനസര്‍. ഉച്ചക്ക് ശേഷം ലഭിക്കുന്ന ഒഴിവ് സമയമാണ് ഇവര്‍ കാമറക്ക് മുന്നില്‍ എത്തിയത്.

തൊഴിലാളികള്‍ തന്നെ പൂര്‍ണമായും ഡബ്ബിങ്​ നിര്‍വഹിച്ചിരിക്കുന്നുവെന്നത് പ്രധാനമാണെന്നും ഐ ജോണ്‍ അഭിപ്രായപ്പെട്ടു. കോവിഡ് കാല മനുഷ്യര്‍ അഭിമുഖീകരിക്കുന്ന വേദനകളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്ന് യു.എ.ഇ ആര്‍ട്സ് ലൗവേഴ്സ് പ്രസിഡൻറ്​ ഷാജി പുഷ്പാംഗദന്‍ അഭിപ്രായപ്പെട്ടു. റാക് ഫിഷ് മാര്‍ക്കറ്റിലെ അന്‍വര്‍ പുതിയ കടപ്പുറം, ഹനീഫ ഉണ്യാല്‍, റഫീഖ് കൈനിക്കര, അസ്ക്കര്‍ താനൂര്‍, ഹമീദ് കാരത്തൂര്‍, ഇര്‍ഷാദ് സി.സി, ശാഹുല്‍ വാക്കാട്, അസ്​ലം താമരശ്ശേരി, നവാബ് കാരത്തൂര്‍, സുബൈര്‍ പരപ്പനങ്ങാടി എന്നിവര്‍ക്കൊപ്പം ദീപ പുന്നയൂര്‍ക്കുളം, ധരണി, സീനത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.