ദുബൈ: എമിറേറ്റിലുടനീളമുള്ള പ്രധാന വിദ്യാഭ്യാസ മേഖലകളിൽ എട്ടിടത്ത് ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 37 സ്കൂളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ സ്കൂളുകളിലേക്കുള്ള യാത്രാസമയം 15 മുതൽ 20 ശതമാനം വരെ കുറയുമെന്ന് ആർ.ടി.എ അറിയിച്ചു.
സ്കൂൾ അധ്യാപകർ, ബസ് ഡ്രൈവർമാർ, വിദ്യാർഥികളുടെ കുടുംബങ്ങൾ തുടങ്ങിയ റോഡ് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാകുന്ന രീതിയിലാണ് നവീകരണ പ്രവൃത്തികളുടെ രൂപകൽപന.
ഉമ്മുസുഖൈം സ്ട്രീറ്റിലെ ദുബൈ കിങ്സ് സ്കൂൾ, ഹെസ്സ സ്ട്രീറ്റിലെ ദി ഇന്റർനാഷനൽ സ്കൂൾ ഓഫ് ചൗഫിയത്ത്, ദുബൈ കോളജ്, അൽ വർഖ 4ൽ പ്രവർത്തിക്കുന്ന അൽ സഫ സ്കൂൾ കോംപ്ലക്സ്, സ്കൂൾ ഓഫ് റിസർച് സയൻസസ്, അൽ ഖിസൈസ് സ്കൂൾ കോംപ്ലക്സ്, അൽ മിഷാർ സ്കൂൾ കോംപ്ലക്സ്, നാദൽ ശിബ സ്കൂൾ കോംപ്ലക്സ്, അൽ തവാർ സ്കൂൾ കോംപ്ലക്സ് 2 എന്നിവ ഉൾപ്പെടെ പ്രധാന സ്കൂൾ മേഖലകളിലാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്.
സ്കൂളുകളിലേക്ക് നയിക്കുന്ന സ്ട്രീറ്റുകളുടെ വീതി കൂട്ടൽ, സ്കൂൾ ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി പാർക്കിങ് സ്ഥലങ്ങളുടെ നിർമാണം, സ്കൂളുകളുടെ എൻട്രൻസ്, എക്സിറ്റ് മെച്ചപ്പെടുത്തൽ, സ്കൂളുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടൽ എന്നിവ നവീകരണ പ്രവൃത്തികളിൽ ഉൾപ്പെടും.
സ്കൂളുകളുടെ മുൻ ഭാഗത്തുള്ള പാർക്കിങ് സ്ഥലത്ത് കല്ലുകൾ പാകൽ, കുട്ടികളെ സ്കൂൾ ബസിൽ നിന്ന് ഇറക്കുന്നതിനും കയറ്റുന്നതിനുമായി സ്ഥലം നിശ്ചയിക്കുക തുടങ്ങിയവയും നവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കി.
പൂർത്തിയായ നവീകരണ പ്രവൃത്തികളിലൂടെ റോഡ് ശൃംഖലകൾ മെച്ചപ്പെടുത്തുക മാത്രമല്ല, ദുബൈയുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും നിലവാരവും ഉയർത്തുന്നതിന് സഹായിക്കുന്നതായി ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
ഗതാഗത രംഗത്തെ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും അതനുസരിച്ച് ഉടനടി മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കുന്നതിനുമായി ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്സ്, റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ, പ്രധാന സ്കൂൾ അധികൃതർ എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ചതായും അൽ ബന്ന കൂട്ടിച്ചേർത്തു.
സ്കൂൾ മേഖലകളിൽ റോഡ് നവീകരണ പ്രവൃത്തികൾ ഇനിയും തുടരും. 13 സ്കൂളുകൾ ഉൾപ്പെടുന്ന അൽ ഗർഹൂദ്, അൽ ബർഷ 1, അൽ വർഖ, അൽ ബർഷ സൗത്ത് പോലുള്ള പ്രധാന മേഖലകളിൽ 2025ൽ നവീകരണ പ്രവൃത്തികൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.