ദുബൈ: കഴിഞ്ഞ വർഷം മേയിൽ ബിസിനസ് ബേ മേഖലയിൽ നടന്ന കൊലപാതകത്തിലെ പ്രതികളിൽ ഒരാളുടെ ശിക്ഷ ശരിവെക്കുകയും അഞ്ചുപേരെ കുറ്റവിമുക്തമാക്കുകയും ചെയ്ത് ദുബൈ അപ്പീൽ കോടതി. 19കാരനായ പ്രധാന പ്രതിയുടെ ജീവപര്യന്തമാണ് കോടതി ശരിവെച്ചത്. മുഖ്യപ്രതിയെ കുറ്റകൃത്യത്തിൽ സഹായിച്ച കുറ്റത്തിന് പ്രതിചേർക്കപ്പെട്ട അഞ്ചുപേരെയാണ് വെറുതെവിട്ടത്.
ഇവർക്ക് നേരത്തേ പത്തുവർഷം വീതം ശിക്ഷ വിധിച്ചിരുന്നു. കേസിനാസ്പദ സംഭവത്തിൽ 33കാരനായ ഇസ്രായേൽ പൗരനാണ് കൊല്ലപ്പെട്ടത്. പ്രതികളും ഇസ്രായേലിൽനിന്നുള്ളവരാണ്. മുഖ്യപ്രതി സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് കോടതിയിൽ വാദിച്ചെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നുവെന്ന് അഭിഭാഷക വൃത്തങ്ങളെ ഉദ്ദരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ ദുബൈ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. കത്തി കൊണ്ടുള്ള ആക്രമണത്തിലാണ് 33കാരൻ കൊല്ലപ്പെട്ടത്. ശീഷ കഫെയിൽ വെച്ചാണ് സംഭവമുണ്ടായത്. സംഭവത്തിന് 24 മണിക്കൂറിനകം ദുബൈ പൊലീസ് പ്രതികളെയെല്ലാം പിടികൂടി.
ഇസ്രായേലിൽവെച്ച് ഉണ്ടായിരുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്.
പ്രതികളുടെ അപ്പീൽ പരിഗണിച്ച കോടതി, സി.സി.ടി.വി ദൃശ്യങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് അനുബന്ധ റിപ്പോർട്ട് ലഭിക്കാൻ ദുബൈ പൊലീസുമായി വീണ്ടും ബന്ധപ്പെടാൻ പ്രോസിക്യൂട്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു. കൊലപാതകത്തിലെ ഓരോ പ്രതിയുടെയും പങ്ക് പരിശോധിക്കാനായിരുന്നു ഇത്. ഇത് വിശകലനം ചെയ്താണ് അപ്പീൽ കോടതി വിധി പറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.