ദുബൈ: ഇന്ത്യയിൽ സ്വതന്ത്ര സ്വഭാവമുള്ള കൂടുതൽ അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ആഗോളവത്കരണ കാലത്ത് ലോകത്തിന്‍റെ വിശ്വാസം വളർത്തിയെടുക്കാൻ നിയമവാഴ്ചക്ക് ഊന്നൽ നൽകുന്ന ശക്തമായ സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ഓഫ് ആർബിട്രേഷന്‍റെയും (ഐ.സി.എ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും (ഫിക്കി) നേതൃത്വത്തിൽ ദുബൈയിൽ നടന്ന 'ആഗോളവത്കരണ കാലത്തെ മധ്യസ്ഥം' കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യൻ രാജ്യങ്ങളുടെ തർക്ക പരിഹാര മധ്യസ്ഥ കേന്ദ്രമാണ് ദുബൈ. ഈ സമ്മേളനം നടത്താൻ ഇതിലും മികച്ചൊരു ഇടമുണ്ടാവില്ല. ഇന്ത്യയിൽ മധ്യസ്ഥത കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മധ്യസ്ഥതക്കും ചർച്ചകൾക്കും നിയമത്തിൽ ഉയർന്ന പ്രാധാന്യമുണ്ട്. ഇന്ത്യൻ കോടതികൾ മധ്യസ്ഥ നിലപാടുകൾക്ക് പേരുകേട്ടതാണ്. നീതി നടപ്പാക്കുക എന്ന ഒരേ ലക്ഷ്യത്തോടെയാണ് ആർബിട്രേഷനും ജുഡീഷ്യൽ ധാർമിക വിദ്യാഭ്യാസവും പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ കോടതികൾ മധ്യസ്ഥതയെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നു. വിധിനിർണയത്തിന്‍റെ നല്ലൊരു ഭാഗവും ആർബിട്രേഷൻ ൈട്രബ്യൂണലിന് വിട്ടുകൊടുക്കാറുണ്ട്.
കേസുകളുടെ എണ്ണം വർധിച്ച് വരുന്നതിനാൽ ആർബിട്രേഷൻ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. ചില കാര്യങ്ങളിൽ ഇന്ത്യക്കും യു.എ.ഇക്കും സഹകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് രമണയുടെയും ജസ്റ്റിസ് ഹിമ കോഹ്ലിയുടെയും നേതൃത്വത്തിലെ ഇന്ത്യൻ സംഘത്തിന് യു.എ.ഇ ഫെഡറൽ സുപ്രീംകോടതി സ്വീകരണം നൽകി. ഫെഡറൽ സുപ്രീംകോടതി പ്രസിഡന്‍റ് മുഹമ്മദ് ഹമദ് അൽ ബാദിയുടെ നേതൃത്വത്തിലാണ് അബൂദബിയിൽ സ്വീകരണമൊരുക്കിയത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.