ദുബൈ: ക്രിക്കറ്റ് പ്രേമികളുടെ നൊസ്റ്റാൾജിയയായ ഷാർജ കപ്പിന് ശേഷം യു.എ.ഇയിൽ വീണ്ടും ഇന്ത്യ- പാക് ക്രിക്കറ്റ് പോരിന് പിച്ചൊരുങ്ങുന്നു. ട്വൻറി20 ലോകകപ്പിെൻറ ഗ്രൂപ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ. യു.എ.ഇയിലെ ഏതു വേദിയിലാണ് മത്സരമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ഷാർജയാണെങ്കിൽ 'പൊളിക്കും' എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ അഭിപ്രായം. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബൈ, അബൂദബി, ഷാർജ, മസ്കത്ത് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ.
ലോകകപ്പിനെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങിയതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് പ്രസിഡൻറ് ഖാലിദ് അൽ സറൂനി പറഞ്ഞു. ഗ്രൂപ് സ്റ്റേജിൽ ആവേശകരമായ മത്സരം നടക്കുമെന്നാണ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചപ്പോൾ മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുക്കം വിലയിരുത്താൻ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി ഒമാനിൽ എത്തി. ഗ്രൂപ് സ്റ്റേജിന് മുമ്പുള്ള ആദ്യഘട്ട മത്സരങ്ങൾ മാത്രമാണ് മസ്കത്തിൽ നടക്കുന്നത്.
ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാൻ, പാപ്വന്യൂഗിനിയ എന്നീ ടീമുകളാണ് ഈ റൗണ്ടിൽ പങ്കെടുക്കുന്നത്.
ഇന്ത്യ, പാകിസ്താൻ ഉൾപ്പെടെ ടീമുകൾ പങ്കെടുക്കുന്ന രണ്ടാംഘട്ടത്തിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലെ മൂന്ന് മൈതാനങ്ങളിലായിരിക്കും അരങ്ങേറുക. ഇന്ത്യ-പാക് ടീമുകൾക്ക് പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ എന്നിവയാണ് ഈ ഗ്രൂപ്പിലുള്ളത്.
ആദ്യ ഘട്ടത്തിൽനിന്ന് വിജയിച്ചുവരുന്ന രണ്ട് ടീമുകൾ കൂടി ഇവിടെ ഇടംപിടിക്കും. സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മഹാമാരി എത്തിയ ശേഷം ഐ.സി.സി സംഘടിപ്പിക്കുന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.