ദുബൈ: വിസ നിയമലംഘകർക്ക് ഇളവ് ഞായറാഴ്ച മുതൽ ആരംഭിച്ച പശ്ചാത്തലത്തിൽ പദ്ധതി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സഹായങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ(ജി.ഡി.ആർ.എഫ്.എ) അവീർ എമിഗ്രേഷൻ സെന്ററിൽ ഞായറാഴ്ച കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ സന്ദർശനം നടത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി കോൺസുലേറ്റ് ഇവിടെ പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്.
• ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് എമർജൻസി സർട്ടിഫിക്കറ്റിന്(ഇ.സി) അപേക്ഷിക്കാം. അതുപോലെ തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് ഹ്രസ്വകാല സാധുതയുള്ള പാസ്പോർട്ടിന് അപേക്ഷിക്കാം.
• അപേക്ഷകർക്ക് കോൺസുലേറ്റിൽ സൗജന്യമായി ഇ.സിക്ക് അപേക്ഷിക്കാം. ദുബൈ കോൺസുലേറ്റിലും അവീർ ഇമിഗ്രേഷൻ സെന്ററിലും നടപടിക്രമങ്ങളിൽ സഹായിക്കാൻ കൗണ്ടറുകൾ ആരംഭിക്കും. കോൺസുലേറ്റിലെ ഫെസിലിറ്റേഷൻ കൗണ്ടർ സെപ്റ്റംബർ 2 തിങ്കളാഴ്ച മുതൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പ്രവർത്തിക്കും.
• അപേക്ഷ സമർപ്പിച്ചതിനുശേഷം അടുത്ത ദിവസം ഉച്ച 2നും 4നും ഇടയിൽ ദുബൈയിലെ കോൺസുലേറ്റിൽ നിന്ന് ഇ.സി ലഭിക്കും.
• ഹ്രസ്വകാല സാധുതയുള്ള പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന് ദുബൈയിലെയും നോർത്തേൺ എമിറേറ്റുകളിലെയും ഏത് ബി.എൽ.എസ് കേന്ദ്രങ്ങളെയും നേരിട്ട് സമീപിക്കാം. മുൻകൂർ അപ്പോയ്മെന്റ് ആവശ്യമില്ല. ബി.എൽ.എസ് സെന്ററുകളുടെ വിശദാംശങ്ങൾ കോൺസുലേറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
• പൊതുമാപ്പ് കാലയളവിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ദുബൈയിലെയും നോർത്തേൺ എമിറേറ്റുകളിലെയും ബി.എൽ.എസ് സെന്ററുകൾ പ്രവർത്തിക്കും.യാത്രരേഖ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക്, അപേക്ഷകർക്ക് രാവിലെ 8നും വൈകീട്ട് 6നും ഇടയിൽ 050-9433111 എന്ന നമ്പറിൽ ബന്ധപ്പെടാം. പി.ബി.എസ്.കെ ഹെൽപ്ലൈനിലും 800-46342 24 മണിക്കൂറും ബന്ധപ്പെടാം. ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകളിലും സഹായിത്തിനായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.