ദുബൈ: 50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ രണ്ടു ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിയമം പ്രാബല്യത്തിൽവന്നതോടെ സ്കൂളുകളിൽ ഇമാറാത്തികൾക്ക് കൂടുതൽ അവസരം ലഭിച്ചുതുടങ്ങി. ദുബൈ, അബൂദബി, ഷാർജ തുടങ്ങി യു.എ.ഇയിലെ മുഴുവൻ എമിറേറ്റുകളിലെയും ഇന്ത്യൻ സ്കൂളുകളിലടക്കം അധ്യാപകരായും മറ്റും ഇമാറാത്തി ജീവനക്കാരുടെ എണ്ണം വർധിച്ചു. എന്നാൽ, ചില സ്വകാര്യ സ്കൂളുകൾക്ക് ഉദ്യോഗാർഥികളെ ലഭിക്കാൻ പ്രയാസം നേരിടുന്നുമുണ്ട്. മിക്ക ഉദ്യോഗാർഥികളും സർക്കാർ നിയന്ത്രണത്തിലെ സ്കൂളുകളിൽ പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നതിനാലാണ് ഈ സാഹചര്യം രൂപപ്പെടുന്നത്.
ദുബൈയിലെ ഇന്ത്യൻ അക്കാദമിയിൽ രണ്ട് ഇമാറാത്തികളെയാണ് നിയമിച്ചിരിക്കുന്നത്. നേരത്തേ ഇവിടെ സ്വദേശികളായ ജീവനക്കാർ ഉണ്ടായിരുന്നില്ല. അറബി ഭാഷ പഠിപ്പിക്കുന്നതിന് ഇമാറാത്തി അധ്യാപകരെ സ്കൂൾ നേരത്തേ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അബൂദബിയിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളും രണ്ട് ഇമാറാത്തികളെയാണ് നിയമിച്ചത്. മിക്ക സ്കൂളുകളിലും അഡ്മിനിസ്ട്രേറ്റിവ് പൊസിഷനുകളിലാണ് ഇമാറാത്തികളെ നിയമിക്കുന്നത്. അധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാർഥികളുടെ എണ്ണം കുറവായതാണിതിന് കാരണം.
നിശ്ചിത സമയത്ത് ഇമാറാത്തി ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങൾ ഈവർഷം അവസാനം ഒരു ജീവനക്കാരന് 84,000 ദിർഹം എന്ന നിലയിൽ പിഴ അടക്കേണ്ടിവരുമെന്ന് യു.എ.ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. 50 വിദഗ്ധ ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിയമം. ഈ വർഷം അവസാനത്തോടെ ഇത് നാലു ശതമാനമായി ഉയർത്തും. ഇതുവരെ 28,700 ഇമാറാത്തികളെ സ്വകാര്യമേഖലയിൽ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അവസാനത്തോടെ 9000 സ്ഥാപനങ്ങൾ നിബന്ധന പാലിച്ചു. 7000ത്തോളം സ്ഥാപനങ്ങൾ ആദ്യമായാണ് ഇമാറാത്തികളെ നിയമിച്ചത്. 1000 സ്ഥാപനങ്ങൾ ഭാഗികമായി നിയമം പാലിച്ചു. എന്നാൽ, 2900 സ്ഥാപനങ്ങൾ ഇമാറാത്തികളെ നിയമിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ട്. ഇവർക്കാണ് പിഴ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.