ഷാർജ: മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ 'ഗൾഫ് മാധ്യമം' എജുകഫേക്ക് ഇക്കുറി അന്താരാഷ്ട്ര ചാരുത. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഷാർജ സർക്കാറിന് കീഴിലെ എക്സ്പോ സെന്ററിൽ ഒരുക്കുന്ന 18ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിലായിരിക്കും എജുകഫേ എട്ടാം സീസൺ അരങ്ങേറുക. ഈ മാസം 19 മുതൽ 22 വരെ നടക്കുന്ന എജുക്കേഷൻ ഷോയിൽ ഇന്ത്യൻ പവലിയന്റെ ചുമതലയും 'ഗൾഫ് മാധ്യമ'ത്തിനാണ്. വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് വിദ്യാർഥികളും ഒഴുകിയെത്തുന്ന മേളയിലെ ഏക ഇന്ത്യൻ മാധ്യമ സാന്നിധ്യവും 'ഗൾഫ് മാധ്യമ'മാണ്. മേളയുടെ ഔദ്യോഗിക മീഡിയ പാർട്ണറാണ് 'ഗൾഫ് മാധ്യമം'.
ഏഴ് സീസണുകൾ പിന്നിട്ട എജുകഫേ വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകളാണ് അന്താരാഷ്ട്ര മേളയിലെ സുപ്രധാന സാരഥ്യത്തിലേക്ക് നയിച്ചത്. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ മൂന്ന് മാസം മുമ്പ് എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫയും 'ഗൾഫ് മാധ്യമം-മീഡിയവൺ' മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലനും ഒപ്പുവെച്ചിരുന്നു. എജുകഫേ അന്താരാഷ്ട്ര തലത്തിലേക്ക് ചേക്കേറുമ്പോൾ ഒട്ടേറെ പുതുമകളുമായാണ് എട്ടാം സീസൺ അവതരിപ്പിക്കുന്നത്. കേരള മുൻ ഡി.ജി.പി ഋഷിരാജ് സിങ്, ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സന്തത സഹചാരിയും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീജൻപാൽ സിങ്, അവതാരകനും കേരള യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ ഡോ. അരുൺകുമാർ, മജീഷ്യൻ രാജമൂർത്തി തുടങ്ങിയവരാണ് ഈ സീസണിലെ മുഖ്യാതിഥികൾ. ഇന്ത്യയിലെയും വിദേശത്തെയും വിവിധ യൂനിവേഴ്സിറ്റികളും കരിയർ സ്ഥാപനങ്ങളും സ്റ്റാളുകളുമായെത്തും.
പുതിയ കോഴ്സുകൾ തേടുന്ന വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും കരിയറിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർക്കും കംഫർട്ട് സോണിൽനിന്ന് പുറത്തുകടക്കാൻ കൊതിക്കുന്നവർക്കും പ്രചോദനം പകരുന്ന വിവിധ സെഷനുകൾ ഇവിടെ അരങ്ങേറും. മക്കളുടെ ഭാവി സുരക്ഷിതമാക്കാനും അവരെ കൈപിടിച്ചുയർത്താനും ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കുള്ള മാർഗനിർദേശങ്ങളും എജുകഫേ നൽകും. വിവിധ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഷാർജ എക്സ്പോ സെന്ററിൽ ആദ്യമായാണ് എജുകഫേ വിരുന്നെത്തുന്നത്. 'കമോൺ കേരള' അടക്കം നിരവധി പരിപാടികളിലെ വൻ ജനപങ്കാളിത്തത്തിലൂടെ എക്സ്പോ സെന്ററുമായി ശക്തമായ ബന്ധം 'ഗൾഫ് മാധ്യമ'ത്തിനുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ആഘോഷമായ എജുകഫേയിൽ കഴിഞ്ഞ വർഷവും ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു. നാലുമാസം മുമ്പ് കേരളത്തിലും വൻ ജനപങ്കാളിത്തത്തോടെ എജുകഫേ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.