ദുബൈ: അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ മലയാളി വിദ്യാർഥിയുടെ മത്സരം ഇന്ന്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ജാമിഅ മർകസ് വിദ്യാർഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിള് സൈനുൽ ആബിദാണ് മത്സരിക്കുന്നത്. ദുബൈ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സയന്‍റിഫിക് ഹാളിൽ രാത്രി 9.30നാണ് മത്സരം. ഇന്ത്യക്കുപുറമെ യു.കെ, ജോർഡൻ, കോംഗോ ഡെമോക്രാറ്റിക്, ഇന്തോനേഷ്യ, മൊറീഷ്യസ് രാജ്യങ്ങളിലെ വിദ്യാർഥികളും ഇന്ന് മത്സരിക്കും. പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൈനുൽ ആബിദ് നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുർആൻ മത്സരങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട്. 2021ൽ താൻസനിയയിൽ നടന്ന ഇന്‍റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ പങ്കെടുത്തിരുന്നു. മർകസ് ജൂനിയർ ശരീഅത്ത് വിദ്യാർഥിയായ സൈനുൽ ആബിദ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥി കൂടിയാണ്. ഈങ്ങാപ്പുഴ വലിയേരിയിൽ അബ്ദുർറഹ് മാൻ- സക്കീന ദമ്പതികളുടെ മകനാണ്. ദുബൈയിലെത്തിയ സൈനുൽ ആബിദിനെ മർകസ് ഭാരവാഹികളായ എ.കെ. അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി, യഹ്‌യ സഖാഫി ആലപ്പുഴ, നൗഫൽ നൂറാനി എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.