ദുബൈ: എമിറേറ്റിൽ നാല് ഇസ്രായേലികൾക്ക് കുത്തേറ്റുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദുബൈ പൊലീസ്. നാല് ഇസ്രായേലികൾക്ക് കുത്തേറ്റുവെന്നും ഒരാൾ അറസ്റ്റിലായി എന്നുമാണ് പല സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്.എക്സ് പ്ലാറ്റ്ഫോമിൽ നിമിഷ നേരം കൊണ്ട് വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ട്രൻഡിങ്ങായി മാറുകയും ചെയ്തിരുന്നു.
ഇതോടെ പല മാധ്യമങ്ങളും ഇത് ബ്രേക്കിങ് ന്യൂസ് എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം. യു.എ.ഇയിൽ സുരക്ഷ പരമപ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിനിടെ വൻതോതിലാണ് ഈ വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്.
വിവരങ്ങൾ ആധികാരിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് നിവാസികളോട് അഭ്യർഥിച്ചു. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് ഒരുലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.