ദുബൈ: കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം ശരിവെച്ച് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി രാജ്യത്താകമാനം മഴ. കാറ്റിന് പിന്നാലെയെത്തിയ മഴയിൽ വലിയ നാശനഷ്ടങ്ങളും അപകടങ്ങളും ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിജാഗ്രതയോടെ അധികൃതരും മുന്നറിയിപ്പുകൾ അനുസരിച്ച് ജനങ്ങളും പ്രവർത്തിച്ചതോടെ മഴ ദുരിതം വിതക്കാതെ പെയ്തൊഴിഞ്ഞു.
എന്നാൽ, വ്യാഴാഴ്ച രാവിലെ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും ദുബൈയിൽ ചില വിമാന സർവിസുകളെ ബാധിച്ചു. 13 വിമാനങ്ങൾ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും അധികൃതർ വെളിപ്പെടുത്തി. അഞ്ച് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാത്രിയോടെ വിമാനത്താവളം പൂർവസ്ഥിതിയിലായതായി അധികൃതർ അറിയിച്ചു. റോഡ് ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യത പരിഗണിച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് നേരത്തെ പുറപ്പെടണമെന്ന് നിർദേശിച്ചിരുന്നു.
ബുധനാഴ്ച തന്നെ പല ഭാഗങ്ങളിലും മഴ തുടങ്ങിയെങ്കിലും വ്യാഴാഴ്ച പുലർച്ചെയാണ് രാജ്യം മുഴുവൻ ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിലെ തീരപ്രദേശങ്ങളിലും ഫുജൈറ, ഖോർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ചിലയിടങ്ങളിൽ ശക്തമായ മഴ തന്നെ ലഭിച്ചു. പലയിടങ്ങളിലും റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വിവിധ മുനിസിപ്പാലിറ്റി അധികൃതരുടെയും മറ്റും നേതൃത്വത്തിൽ അതിവേഗം വെള്ളക്കെട്ടുകൾ നീക്കാനുള്ള ശ്രമം നടന്നുവരുകയാണ്. അബൂദബി, ദുബൈ, ഷാർജ തുടങ്ങി മിക്ക നഗരങ്ങളിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും അതിവേഗ നടപടികളിലൂടെ പലയിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചു. റാസൽഖൈമയിൽ അൽ ശുഹദ ഭാഗത്തേക്കുള്ള എമിറേറ്റ്സ് റോഡിന്റെ ഭാഗത്ത് കുഴി രൂപപ്പെട്ടു. ഈ ഭാഗത്ത് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബൈയിൽ പാർക്കുകളും ബീച്ചുകളും ബുധനാഴ്ച മുതൽ അടച്ചിരുന്നെങ്കിലുംമാനം തെളിഞ്ഞതോടെ വ്യാഴാഴ്ച വൈകുന്നേരം തുറന്നു. ഇന്റർസിറ്റി ബസുകളും റദ്ദാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വിദ്യാലയങ്ങൾ പഠനം ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.