ദുബൈ: നഗ്നപാദരായി ഒാടുകയും നടക്കുകയും ചെയ്ത പൂർവികരുടെ ചരിത്രം നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, സ്പൈക്കും ഷൂസുമെല്ലാം സജീവമായ ഈ കാലത്ത് ചെരുപ്പെങ്കിലുമില്ലാതെ നടക്കുന്നവർ പോലും അപൂർവമാണ്. ഉയരങ്ങളിൽ സ്വപ്നം കാണുന്ന യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്ക് നഗ്നപാദനായി ഓടിക്കയറിയിരിക്കുകയാണ് കാസർകോട് സ്വദേശി ഷാഫി തയ്യിൽ. അതും കുറച്ചൊന്നുമല്ല, 21 കിലോമീറ്റർ. 6345 അടി ഉയരമുള്ള ജബൽ ജെയ്സ് മലയിലേക്ക് രണ്ട് മണിക്കൂറും 50 മിനിറ്റുമെടുത്താണ് വിശ്രമമില്ലാതെ കാസർകോട് ചെറുവത്തൂർ കാടേങ്കാട് തയ്യിൽ ഷാഫി ഓടിയെത്തിയത്. ചരിത്രത്തിൽ ആദ്യായിട്ടായിരിക്കും ഒരാൾ നഗ്നപാദനായി ജബൽ ജെയ്സ് കീഴടക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ജബൽജെയ്സിെൻറ താഴ്വാരത്തു നിന്ന് തുടങ്ങിയ ഓട്ടമാണ്. പ്രവേശനകവാടം കഴിഞ്ഞാൽ കയറ്റം മാത്രമാണ് ജബൽ ജെയ്സിലുള്ളത്. ഇടക്ക് ആശ്വാസത്തിന് പോലും നിരപ്പായ സ്ഥലമില്ല. 7.50ന് 21 കിലോമീറ്ററകലെ ഓട്ടം അവസാനിപ്പിച്ചപ്പോൾ അവസാന 100 മീറ്റർ താണ്ടാൻ മക്കളായ ആയിഷയും അലനും ഒപ്പം ചേർന്നു.
കേരള റൈഡേഴ്സ് ക്ലബ്ബ് അംഗമായ ഷാഫിയും സുഹൃത്തുക്കളും ഇതിന് മുൻപും സൈക്കിളിൽ ജബൽജൈസിലെത്തിയിട്ടുണ്ട്. വീണ്ടുമൊരു സൈക്കിൾ യാത്രക്ക് പദ്ധതിയിട്ടപ്പോഴാണ് എന്ത് കൊണ്ട് മാറിചിന്തിച്ചുകൂടാ എന്ന ആലോചന ഉരുത്തിരിഞ്ഞത്. ‘നമ്മുടെ പൂർവികർ ചെരുപ്പ് പോലുമില്ലാതെ ഓടുകയും നടക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. ഇത് കൂടുതൽ പോസിറ്റീവ് എനർജി തരുമെന്ന് പറഞ്ഞ് കേട്ടിരുന്നു. അതിനാലാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത്. കേട്ടതെല്ലാം സത്യമാണെന്ന് ഓടിത്തീർന്നപ്പോൾ മനസിലായി. 21 കിലോമീറ്റർ താണ്ടിയെങ്കിലും ഇനിയുമൊരു ഓട്ടത്തിന് ഊർജം ബാക്കിയുണ്ടായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുള്ളത്’-ഷാഫി പറയുന്നു. സുഹൃത്തുക്കളും കുടുംബവും വാഹനത്തിൽ ഷാഫിയെ അനുഗമിച്ചിരുന്നു. നിർത്താതെയുള്ള ഓട്ടമായതിനാൽ ഇടക്കിടെ വെള്ളം നൽകി. ഓട്ടവും നീന്തലും സൈക്ലിങ്ങുമെല്ലാം ഒരുകുടക്കീഴിൽ അണിനിരക്കുന്ന ‘അയൺമാൻ’മത്സരത്തിലെ സ്ഥിരം സാന്നിധ്യമായ ഷാഫി ദുബൈ മാരത്തണിലും കൊച്ചി മാരത്തണിലുമെല്ലാം പങ്കെടുത്തിട്ടുണ്ട്.
ഈ വർഷത്തെ അയൺമാൻ മത്സരത്തിലും ബർലിൻ മാരത്തണിലും പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, കോവിഡ് എത്തിയതോടെ പരിപാടികളെല്ലാം മാറ്റിവെച്ചു. പരിശീലനത്തിൽ ലഭിച്ച ഊർജം പൊടിതട്ടിയെടുക്കാനാണ് ജബൽ ജെയ്സിലേക്ക് വിത്യസ്തമായ ഓട്ടം നടത്തിയത്. ദുബൈയിൽ സ്വന്തമായി ഐ.ടി സ്ഥാപനം നടത്തുന്ന ഷാഫി ഹോർലാൻസിൽ ഭാര്യ ഷമീലയോടും മക്കളോടുമൊപ്പമാണ് താമസം. അബൂദബി മുതൽ ദുബൈ വരെ 142 കിലോമീറ്റർ നഗ്നപാദനായി ഓടാനുള്ള പദ്ധതിയിലാണ് ഷാഫിയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.