ദുബൈ: ദുബൈയിലെ പഴക്കമേറിയ വില്ലേജുകളിലൊന്നായ ജബൽഅലി വില്ലേജ് പൊളിക്കുന്നു. കെട്ടിടങ്ങൾ പഴകിയതാണ് പൊളിച്ച് നീക്കാൻ കാരണം. ഇവിടെ വൈകാതെ പുതിയ വില്ലേജ് ഉയരും. 1970കളിൽ നിർമിച്ച 290 വീടുകൾക്ക് പകരം പുതിയ ടൗൺ ഹൗസുകളും ആഡംബര വില്ലകളും നിർമിക്കും. ജബൽ അലി പോർട്ടിന് സമീപം ബ്രിട്ടീഷ്, ഡച്ച് ജീവനക്കാർക്ക് താമസിക്കാനാണ് ഇവിടെ വീടുകൾ നിർമിച്ചത്. പിന്നീട് ഇവിടേക്ക് മറ്റ് രാജ്യക്കാരും എത്തി. പുതിയ പുനർനിർമാണ പദ്ധതിയുടെ പ്ലാൻ മാർച്ചിൽ ഉടമസ്ഥരായ നഖീൽ പുറത്തുവിട്ടിരുന്നു. 3-4 ബെഡ് റൂം അപ്പാർട്മെന്റുകളും വലിയ വില്ലകളും ഇവിടെയുണ്ടാകുമെന്ന് പ്ലാനിൽ പറയുന്നു.
പുനർനിർമാണത്തിന്റെ ഭാഗമായി താമസക്കാർക്ക് 12 മാസം മുമ്പ് നോട്ടിസ് നൽകിയിരുന്നു. ഒക്ടോബറിൽ അവസാനിക്കുന്ന വാടക കരാറിൽ പല താമസക്കാരും ഒപ്പുവെച്ചെങ്കിലും പൊളിക്കലും നിർമാണ പ്രവൃത്തികളും തങ്ങളുടെ ജീവിതം ദുഷ്കരമാക്കിയെന്ന് ഇവർ പറയുന്നു. എല്ലാവരും ഒഴിവായശേഷമേ പൊളിക്കൽ ആരംഭിക്കൂ എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഇതിന് മുമ്പേ പൊളിക്കൽ തുടങ്ങി. ഇതോടെ പാമ്പും എലിയും പ്രദേശത്ത് വിഹരിക്കാൻ തുടങ്ങി. ഇതിനെതിരെ താമസക്കാർ പരാതി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.