അൽഐനിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രവും ഇമാറാത്തിന്റെ ചരിത്ര ശേഷിപ്പുകൾ നിലകൊള്ളുന്നതുമായ മലനിരകളാണ് ജബൽ ഹഫീത്ത്. ഒമാന്റെ അതിർത്തിയോട് ചേർന്നാണ് ഇതിന്റെ കിടപ്പ്. 1249 മീറ്റർ ഉയരം വരുന്നതാണ് ഈ പർവതം. അൽഐൻ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ജബൽ ഹഫീത്തിൽ എത്താം. യു.എ.ഇയിലെ ഏറ്റവും വലിയ പർവതങ്ങളിൽ ഒന്നാണ് ഇത്. ഈ പർവതത്തിന്റെ താഴെ നിന്നും വളഞ്ഞും തിരിഞ്ഞുമുള്ള റോഡിലൂടെ 12 കിലോമീറ്ററോളം സഞ്ചരിച്ചാൽ ജബൽ ഹഫീത്തിന്റെ മുകളിലെത്തിച്ചേരും. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച വഴിവിളക്കിന്റെ പ്രകാശത്തിൽ ജബൽ ഹഫീത്തിനെ രാത്രിയിൽ കാണുന്നതും അതിലൂടെ സഞ്ചരിക്കുന്നതും ഏറെ മനോഹരമാണ്. രാത്രിയിൽ വിളക്കുകൾ നിരനിരയായി പ്രകാശിച്ചുനിൽക്കുന്നത് അൽഐനിന്റെ വിദൂര പ്രദേശങ്ങളിൽനിന്നും കാണാവുന്നത്. സന്ധ്യാസമയങ്ങളിൽ ഈ പർവ്വതശിഖിരത്തു നിന്നുള്ള അൽഐൻ നഗരത്തിന്റെ ദൃശ്യം ഏറെ മനോഹരമാണ്.
ഐൽ ഐനിന്റെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണുള്ളത് ജബൽ ഹഫീത്തിന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശവകുടീരങ്ങളും ചരിത്ര ശേഷിപ്പുകളും ഈ മേഖലകളിൽനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിദത്തവും വിശാലവുമായ ഗുഹാവ്യൂഹങ്ങൾ ജബൽ ഹഫീത്തിലേക്കുള്ള പാതയിൽ കാണാൻ കഴിയും. അപൂർവ മൃഗങ്ങളായ കാട്ടുപൂച്ചകൾ, ചുവന്ന കുറുക്കന്മാർ, ഹൈറാക്സുകൾ തുടങ്ങിയ ചെറിയ സസ്തനികളെക്കൂടാതെ, ഈജിപ്ഷ്യൻ കഴുകന്മാർ, കെസ്ട്രൽ, മൊറോക്കൻ ഫാൽക്കൺ തുടങ്ങി നിരവധി ദേശാടന പക്ഷികളെയും ഇവിടെ കണ്ടുവരുന്നുണ്ട്. ജബല്‍ ഹഫീത്ത് പര്‍വത നിരയില്‍ കിഴക്ക് ഭാഗത്തായി ഒരുക്കിയ ഉദ്യാനത്തില്‍ സാഹസിക കേന്ദ്രത്തിന് പുറമെ പുരാവസ്തു, രാജ്യത്തിന്റെ ചരിത്രപരമായ അവശിഷ്ടങ്ങള്‍, ഔട്ട്ഡോര്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സാംസ്കാരിക, ടൂറിസം വകുപ്പ് (ഡി.സി.ടി) ഒരുക്കിയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ പുരാവസ്തു ശാസ്ത്രത്തിലും ചരിത്രത്തിലും താത്പര്യമുള്ളവരെയും സാഹസിക ഔട്ട് ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നവരെയും ഈ ഉദ്യാനം ആകര്‍ഷിക്കും.
ജബൽ ഹഫീത് മലയിലേക്കുള്ള ഗതാഗത പാതക്ക് 11.7 കിലോമീറ്റർ നീളമുണ്ട്. 21 വളവുകൾ ഉൾപ്പെടുന്നതാണിത്. മലയിലേക്ക് കയറുന്നതിനായി രണ്ടുവരി പാതയും ഇറങ്ങുന്നതിന് ഒറ്റവരി പാതയുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വൃത്തിയും വളരെ മനോഹരമായും നിർമിക്കപ്പെട്ട ഈ പാത ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത പാതയായി എഡ്മണ്ട്സ് ഡോട്ട് കോം വിശേഷിപ്പിച്ചിട്ടുണ്ട്. ജബൽ ഹഫീത്തിലേക്കുള്ള റോഡിൽ നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും ചുറ്റുപാടും വീക്ഷിക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പർവ്വത ശിഖിരത്തിൽ ചെന്നവസാനിക്കുന്ന ഈ പാതക്കൊടുവിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനായുള്ള സ്ഥലവും ഒരു ഹോട്ടലും ഒരു പാലസും ഉണ്ട്. ജബൽ ഹഫീതിന്റെ മുകളിൽനിന്ന് അൽഐനിന്റെ മൊത്തത്തിലുള്ള ഭംഗി നുകരാനാകും. ജബൽ ഹഫീതിന്റെ താഴ്വരയിലാണ് ഗ്രീൻ മുബസറ എന്ന സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രം നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.