ദുബൈ: എമിറേറ്റിൽ എവിടെയൊക്കെ റൈഡുണ്ടോ അവിടെയെല്ലാം സൈക്കിളുകളുമായി ഇരച്ചെത്തുന്ന യു.എ.ഇയിലെ കേരള റൈഡേഴ്സ് ടീം ദുബൈ റൈഡിലും ആദ്യവസാനം നിറഞ്ഞുനിന്നു. യു.എ.ഇയിലെ സൈക്കിൾ റൈഡർമാർക്കിടയിലെ മലയാളിക്കൂട്ടായ്മയായ കേരള റൈഡേഴ്സ് ടീമിലെ അംഗങ്ങൾ ഒന്നടങ്കമെത്തിയാണ് ദുബൈ നഗരം തീർത്ത ചരിത്രത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറിയത്. സൈക്കിൾ റൈഡർമാരുടെ 'പെരുന്നാൾ ദിന'മായി വിശേഷിക്കപ്പെട്ട ഇൗ റൈഡിൽ അതീവ ആഹ്ലാദത്തോടെ പങ്കാളികളായത് മലയാളി പ്രവാസി സമൂഹത്തിനും അഭിമാനത്തിനുള്ള വകയായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം നൽകിയ സമ്മാനമാണ് ശൈഖ് സായിദ് റോഡിലൂടെയുള്ള സൈക്ലിങ് -മൂന്നു വർഷമായി തുടരുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ ആദ്യവസാനം ആവേശത്തോടെ പങ്കെടുക്കുന്ന ക്ലബ് അംഗങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു.
വാഹനങ്ങളുടെ കടലിരമ്പം നിറയുന്ന ശൈഖ് സായിദ് റോഡ് ആദ്യമായി സൈക്കിൾ റൈഡർമാർക്കായി തുറന്നുനൽകിയ അവസരം പ്രയോജനപ്പെടുത്താൻ ആഴ്ചകൾ നീണ്ട തയാറെടുപ്പുകൾ നടത്തിയാണ് കേരള റൈഡേഴ്സ് ടീം ദുബൈ റൈഡിനെത്തിയത്. 18 വയസ്സുകാരൻ ഉമറുൽ ഫാറൂഖ് മുതൽ ഏറ്റവും പ്രായംകൂടിയ റൈഡർ 65കാരനായ അബ്ദുൽ ജലാൽ വരെ ക്ലബിലെ എല്ലാ അംഗങ്ങളും റൈഡ് നയിച്ച ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് പിന്നിൽ അണിനിരന്ന് 14 കിലോമീറ്റർ സൈക്കിൾ ചവിട്ടി. എമിറേറ്റിലെ എല്ലാ റൈഡുകളിലും സജീവമായി പങ്കെടുക്കാറുള്ള റൈഡേഴ്സ് ടീം ഏറ്റവും ഒടുവിലായി അബൂദബിയിൽ നടന്ന സൈക്കിൾ റൈഡിലും മികച്ച പങ്കാളിത്തമാണ് ഉറപ്പാക്കിയത്. യു.എ.ഇയിലെ ഏറ്റവും ശ്രമകരമായ സൈക്ലിങ് ചലഞ്ചായ കോസ്റ്റ് ടു കോസ്റ്റ് റൈഡിൽ 215 കിലോമീറ്റർ സൈക്കിൾ ചവിട്ടി ക്ലബിലെ സജിൻ, നൗഫൽ, അസ്ഫർ, അൻവർ ആദം, അലക്സ് ജോസഫ് എന്നിവർ വിജയകരമായി പൂർത്തീകരിച്ചതാണ് മറ്റൊരു നേട്ടം. മാരത്തൺ മത്സരങ്ങളിലും സ്വിമ്മിങ് ഇവൻറുകളിലും അയൺ മാൻ മത്സരങ്ങളിലും സജീവമാണ് ക്ലബ്.
കഴിഞ്ഞ തവണത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ച് '30 ദിവസം 30 മിനിറ്റ് വ്യായാമം'നിരവധി പേരാണ് വിജയകരമായി പൂർത്തീകരിച്ചത്. കഴിഞ്ഞ വർഷം മികച്ച പ്രകടനം പുറത്തെടുത്ത ക്ലബിലെ മോഹൻദാസ് ഇക്കുറിയും ഫിറ്റ്നസ് ചലഞ്ചിെൻറ പാതയിൽ തന്നെയാണ്.
ഒപ്പം 100 ഡെയ്സ് ഫിറ്റ്നസ് ചലഞ്ചിൽ നവനീത്, മുർഷിദ്, അബ്ദുല്ല എന്നിവർ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. സ്പോർട്സിനൊപ്പം സാമൂഹിക സേവന മേഖലയിലും ഇടപെടുന്ന റൈഡേഴ്സ്, കഴിഞ്ഞ ആഴ്ച ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.