ദുബൈ: പ്രവർത്തന മികവ് വിലയിരുത്തി ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ റേറ്റിങ് പട്ടിക പുറത്തുവിട്ട് അധികൃതർ. സ്വകാര്യ സ്കൂൾ നിയന്ത്രണ സ്ഥാപനമായ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) വെള്ളിയാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്.
ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്കൂളുകളെ ഔട്ട്സ്റ്റാൻഡിങ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം നിരയിലുള്ളതിനെ വെരി ഗുഡ് എന്നും മൂന്നാം നിരയിലുള്ള സ്കൂളുകളെ ഗുഡ് എന്നും നാലാം നിരയിലുള്ളതിനെ ആക്സബ്റ്റബ്ൾ എന്നുമാണ് റേറ്റിങ് നൽകിയിട്ടുള്ളത്. പ്രകടനം മോശമായ സ്കൂളുകളെ വീക്ക് എന്നും തീർത്തും മോശമായ സ്കൂളുകളെ വെരി വീക്ക് എന്നുമാണ് റേറ്റിങ് നൽകിയിട്ടുണ്ട്.
ഇതിൽ 23 സ്കൂളുകളാണ് ഔട്ട്സ്റ്റാൻഡിങ് റേറ്റിങ്ങിൽ ഉൾപ്പെട്ടിട്ടുള്ളത്. 48 സ്കൂളുകൾ വെരി ഗുഡും 85 സ്കൂളുകൾ ഗുഡും 51 സ്കൂളുകൾ ആക്സബ്റ്റബ്ൾ എന്ന റേറ്റിങ്ങും കരസ്ഥമാക്കി. രണ്ട് സ്കൂളുകൾ ‘വീക്ക്’ എന്ന റേറ്റിങ് നേടിയപ്പോൾ എമിറേറ്റിലെ ഒരു സ്കൂളും വെരി വീക്ക് എന്ന റേറ്റിങ്ങിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
3,60,000 വിദ്യാർഥികൾ പഠിക്കുന്ന 209 സ്കൂളുകളുടെ പ്രവർത്തനമാണ് സമിതി വിലയിരുത്തിയത്. ഇതിൽ പത്ത് സ്കൂളുകൾ ആദ്യമായാണ് പരിശോധനക്ക് വിധേയമാകുന്നത്. 26 സ്കൂളുകൾ റേറ്റിങ് മെച്ചപ്പെടുത്തിയപ്പോൾ മൂന്നു സ്കൂളുകൾ റേറ്റിങ്ങിൽ താഴേക്ക് പോയി.
കുട്ടികളുടെ ക്ഷേമം വിലയിരുത്തുന്ന റേറ്റിങ്ങിൽ 83 ശതമാനം സ്കൂളുകളും ഗുഡ് അല്ലെങ്കിൽ ഹയർ എന്ന റേറ്റിങ് നേടിയിട്ടുണ്ട്. സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ റേറ്റിങ് സംവിധാനങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കെ.എച്ച്.ഡി.എ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.