കൊ​ല്ലം റ​സാ​ഖ്

വേദനക്കടൽ താണ്ടി വേദികളിൽ വീണ്ടും കൊല്ലം റസാഖ്

ദുബൈ: പാടിക്കൊണ്ടിരിക്കെ നിലച്ചുപോയ ആ ശബ്ദം വീണ്ടും സജീവമാവുകയാണ്. വേദനകളുടെയും പ്രതിസന്ധികളുടെയും ഒന്നരവർഷത്തിന്‍റെ ഇടവേളക്ക് ശേഷമാണ് കൊല്ലം റസാഖ് എന്ന പ്രവാസികളുടെ ഇഷ്ടഗായകൻ വേദികളിൽ നിറയാൻ തുടങ്ങിയിരിക്കുന്നത്. പാട്ടുകാരന്‍റെ നാവിന് പരിക്കേറ്റാൽ ശരീരം മാത്രമല്ല, മനസ്സും തളർന്നുപോകേണ്ടതാണ്. എന്നാൽ, അർബുദമെന്ന മഹാരോഗം നാവിൽ കണ്ടെത്തിയിട്ടും അതിജീവിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് റസാഖ് വേദികളിൽ തിരിച്ചെത്തിയിരിക്കുന്നത്.

ഒന്നരപ്പതിറ്റാണ്ടായി ഇദ്ദേഹം യു.എ.ഇയിലെ മലയാളി സാംസ്കാരികവേദികളിൽ സജീവമായിരുന്നു. സ്വകാര്യ ചാനൽ സംഘടിപ്പിച്ച റിയാലിറ്റി ഷോയിൽ വിജയിയായതോടെയാണ് ഗാനാലാപനരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദുബൈ അൽ നസ്ർ ഷെഷർ ലാൻഡിലായിരുന്നു ഷോയുടെ അവസാന റൗണ്ട് മത്സരം അരങ്ങേറിയത്. പിന്നീട് സദസ്സിനെ ആവേശത്തിലാക്കുന്ന ഇമ്പമാർന്ന അനേകം ഗാനങ്ങൾ വിവിധ വേദികളിൽ ഈ കലാകാരൻ പാടിത്തിമിർത്തു. നാടിന്‍റെ ഗൃഹാതുരതയിൽ കഴിയുന്ന പ്രവാസിക്ക് മുന്നിൽ മലയാളത്തിലും ഹിന്ദിയിലും തമിഴിലുമുള്ള ക്ലാസിക്കലും സെമി ക്ലാസിക്കലുമായ എല്ലാത്തരം ഗാനങ്ങളും അവതരിപ്പിച്ചു. അതിനിടയിൽ റേഡിയോയിലും ടി.വി ഷോകളിലും അവതാരകനുമായി.

ഒരു കമ്പനിയിൽ ഇലക്ട്രിക് ഡ്രാഫ്റ്റ്മാനായി ജോലിയുമുണ്ടായിരുന്നു. ജീവിതം സന്തോഷപൂർവം മുന്നോട്ടുപോകുന്നതിനിടയിലാണ് ഇടിത്തീപോലെ അർബുദത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തുന്നത്. കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ പ്രതിസന്ധിയിലായ ഘട്ടത്തിൽ ഇരട്ടി പ്രതിസന്ധി സൃഷ്ടിച്ച് റസാഖിന് രോഗം സ്ഥിരീകരിച്ചു. 2020 സെപ്റ്റംബറിൽ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. രോഗത്തിന്‍റെ ആദ്യ സ്റ്റേജിലായതിനാൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വീണ്ടും പാട്ടുപാടാൻ കഴിയാതെ പോകുമെന്ന ആശങ്കയിലുമായിരുന്നു.

ദൈവാനുഗ്രഹത്താലും സുഹൃത്തുക്കളുടെ പിന്തുണയാലും ചികിത്സ വിജയകരമായി പൂർത്തിയാക്കിയെന്ന് റസാഖ് ഇപ്പോൾ സന്തോഷത്തോടെ പറയുന്നു. ഒന്നരവർഷത്തോളമാണ് ചികിത്സയുണ്ടായിരുന്നത്. സംസാരിക്കാൻപോലും കഴിയാത്തതും വേദന നിറഞ്ഞതുമായ ഘട്ടമായിരുന്നു. സാമ്പത്തിക പരാധീനതകളും കൂട്ടിനെത്തി. നാവിന്‍റെ ഒരുഭാഗം മുറിച്ചുമാറ്റിയിരുന്നു. എന്നാൽ, ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോയി. തുടർച്ചയായ പരിശീലനത്തിലൂടെ സംസാരശേഷിയും പാട്ടുപാടാനുള്ള കഴിവും തിരിച്ചുപിടിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് ദുബൈയിലേക്ക് തിരിച്ചുവരുന്നത്. കരാർവ്യവസ്ഥയിൽ സീ ടെക് ടെക്നിക്കൽ സർവിസസ് എന്ന കമ്പനിയിൽ മാർക്കറ്റിങ് ജോലി കണ്ടെത്തി. ഈ വർഷം ജനുവരിയിൽ വേദനകളുടെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരു വേദിയിൽ പാട്ടുകാരനായി പ്രത്യക്ഷപ്പെട്ടു. ഫുജൈറയിയിലെ ഈ പരിപാടി ഏറെ ധൈര്യംപകർന്നു.

അസുഖത്തിന്‍റെ സൈഡ് ഇഫക്ടുകൾ അപ്പോഴും അലട്ടുന്നുണ്ടായിരുന്നു. പിന്നെ ചില വേദികളൊക്കെ കിട്ടിത്തുടങ്ങി. റസാഖിന്‍റെ പാട്ടുകൾക്ക് പ്രവാസികൾ വീണ്ടും കൈയടിക്കാൻ തുടങ്ങി. ഇത്തവണത്തെ ബലിപെരുന്നാൾ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതായിരുന്നു. പാടാനായി നാലു വേദികൾ ലഭിച്ചു. 2018ൽ സ്വന്തം പേരിൽ ആരംഭിച്ച 'കൊല്ലം റസാഖ് ഷോ' എന്ന പരിപാടി രണ്ട് വേദികളിൽ സംഘടിപ്പിച്ചു.

Tags:    
News Summary - Kollam Razak is back on the stage after crossing the sea of ​​pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.