അൽ ഹുദൈബയിലെ ഉമർ ബിൻ ഖത്താബ്​ പള്ളിയിലെ ചെടികൾക്ക്​ വെള്ളം നനക്കുന്ന ലൈല 

പള്ളിവളപ്പിൽ സ്​നേഹം വിളയിച്ച്​ ലൈലയും ഹനീഫും

ദുബൈ: അഞ്ചു​ വർഷം മുമ്പ്​​ ദുബൈ അൽ ഹുദൈബയ​ിലെ ഉമർ ബിൻ ഖത്താബ്​ പള്ളിവളപ്പിലെത്തിയാൽ​ ഉണങ്ങിവരണ്ട നാരകമരങ്ങളും വാടിത്തളർന്ന ചെടികളും മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്​. ഇപ്പോൾ ഇവിടെയെത്തുന്നവർക്ക്​ കൺകുളിർക്കെ കാണാൻ നിരവധി മരങ്ങളും ചെടികളും പച്ചക്കറിത്തോട്ടങ്ങളും വളർന്ന്​ പന്തലിച്ചിരിക്കുന്നു. തരിശുകിടന്ന പള്ളിവളപ്പിനെ പൂങ്കാവനമാക്കിയത്​ റിട്ട.​ ദമ്പതികളാണ്​. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ലൈല ഹനീഫും ഭർത്താവ്​ വി.എ. ഹനീഫും. ദിവസേന ഇവിടെയെത്തി വെള്ളവും വളവും നൽകി ഇവയെ നട്ടുവളർത്തുന്നതും പരിപാലിക്കുന്നതും ഇവരാണ്​. പള്ളിയുടെ പരിപാലനം നിർവഹിക്കുന്ന ജാഫറി​െൻറ സഹായം കൂടിയായപ്പോൾ ഉമർ ബിൻ ഖത്താബ്​ പള്ളിവളപ്പ്​ ചെറിയ കൃഷിയിടമായി.

അഞ്ചു​ വർഷം മുമ്പ്​​ ഇതുവഴി പോയപ്പോഴാണ്​ പള്ളിയുടെ ചുറ്റുപാടും തരിശായി കിടക്കുന്നത് ലൈലയുടെ​ ശ്രദ്ധയിൽപെട്ടത്​.​ ചെടി കൊണ്ടുവന്നാൽ നടാൻ അനുവാദം ലഭിക്കുമോ എന്ന്​ ജാഫറിനോട്​ ചോദിച്ചു. പള്ളി അധികൃതരുമായി ബന്ധപ്പെട്ട്​ സമ്മതവും വാങ്ങി. നേരംപോക്കിനെന്നോണമാണ്​ തുടങ്ങിയതെങ്കിലും മക്കളെ പരിപാലിക്കുന്നതു​ പോലെയാണ്​ ഇവർ ചെടികളെ നോക്കുന്നത്​. ദിവസവും രാവിലെയോ വൈകീ​ട്ടോ ഇവിടെയെത്തി വെള്ളമൊഴിച്ച്​ കൊടുക്കും. മാസത്തിൽ രണ്ടു തവണ വളം ഇടും. ഇപ്പോൾ​ ആര്യവേപ്പ്​​, ബോഗൻ വില്ല​, അനാർ, ചെമ്പകം, മുരിങ്ങ, പയർ, മത്തൻ, ചീര തുടങ്ങിയവ ഇവിടെ വിളയുന്നു. പള്ളിയുടെ അടുത്തുള്ള വാസൽ ബിൽഡിങ്ങിലാണ്​ താമസം. അതിനാൽ, ഏത്​ നിമിഷവും ഇവിടേക്ക്​ നോട്ടം കിട്ടും.

ന്യൂ ഇന്ത്യ അഷ്വറൻസ്​ കമ്പനിയിലെ ജീവനക്കാരിയായ ലൈല വർഷങ്ങൾക്കു​ മുമ്പ്​​ ജോലി രാജിവെച്ചിരുന്നു. ഹനീഫും റിട്ടയറായതോടെ മക്കളായ സുനിതക്കും (ദുബൈ ഹോസ്​പിറ്റൽ) സിതാരക്കും (ഡി.ഐ.എഫ്​.സി) ഒപ്പമാണ്​ താമസം. വിശ്രമജീവിതം വീടിനുള്ളിൽ ഒതുക്കാൻ ആഗ്രഹിക്കാത്തതിനാലാണ്​ ചെറിയരീതിയിലുള്ള കൃഷിയിൽ സജീവമായത്​. ഇവിടെ വിളയുന്ന പച്ചക്കറികൾ സുഹൃത്തുക്കളുമായി പങ്കിടുന്നു. ഈജിപ്​തുകാരനായ ഇമാമിനും കൃഷിയോട്​ വലിയ പ്രിയമാണ്​.

Tags:    
News Summary - Laila and Haneef fall in love in the courtyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.