പള്ളിവളപ്പിൽ സ്നേഹം വിളയിച്ച് ലൈലയും ഹനീഫും
text_fieldsദുബൈ: അഞ്ചു വർഷം മുമ്പ് ദുബൈ അൽ ഹുദൈബയിലെ ഉമർ ബിൻ ഖത്താബ് പള്ളിവളപ്പിലെത്തിയാൽ ഉണങ്ങിവരണ്ട നാരകമരങ്ങളും വാടിത്തളർന്ന ചെടികളും മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്. ഇപ്പോൾ ഇവിടെയെത്തുന്നവർക്ക് കൺകുളിർക്കെ കാണാൻ നിരവധി മരങ്ങളും ചെടികളും പച്ചക്കറിത്തോട്ടങ്ങളും വളർന്ന് പന്തലിച്ചിരിക്കുന്നു. തരിശുകിടന്ന പള്ളിവളപ്പിനെ പൂങ്കാവനമാക്കിയത് റിട്ട. ദമ്പതികളാണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ലൈല ഹനീഫും ഭർത്താവ് വി.എ. ഹനീഫും. ദിവസേന ഇവിടെയെത്തി വെള്ളവും വളവും നൽകി ഇവയെ നട്ടുവളർത്തുന്നതും പരിപാലിക്കുന്നതും ഇവരാണ്. പള്ളിയുടെ പരിപാലനം നിർവഹിക്കുന്ന ജാഫറിെൻറ സഹായം കൂടിയായപ്പോൾ ഉമർ ബിൻ ഖത്താബ് പള്ളിവളപ്പ് ചെറിയ കൃഷിയിടമായി.
അഞ്ചു വർഷം മുമ്പ് ഇതുവഴി പോയപ്പോഴാണ് പള്ളിയുടെ ചുറ്റുപാടും തരിശായി കിടക്കുന്നത് ലൈലയുടെ ശ്രദ്ധയിൽപെട്ടത്. ചെടി കൊണ്ടുവന്നാൽ നടാൻ അനുവാദം ലഭിക്കുമോ എന്ന് ജാഫറിനോട് ചോദിച്ചു. പള്ളി അധികൃതരുമായി ബന്ധപ്പെട്ട് സമ്മതവും വാങ്ങി. നേരംപോക്കിനെന്നോണമാണ് തുടങ്ങിയതെങ്കിലും മക്കളെ പരിപാലിക്കുന്നതു പോലെയാണ് ഇവർ ചെടികളെ നോക്കുന്നത്. ദിവസവും രാവിലെയോ വൈകീട്ടോ ഇവിടെയെത്തി വെള്ളമൊഴിച്ച് കൊടുക്കും. മാസത്തിൽ രണ്ടു തവണ വളം ഇടും. ഇപ്പോൾ ആര്യവേപ്പ്, ബോഗൻ വില്ല, അനാർ, ചെമ്പകം, മുരിങ്ങ, പയർ, മത്തൻ, ചീര തുടങ്ങിയവ ഇവിടെ വിളയുന്നു. പള്ളിയുടെ അടുത്തുള്ള വാസൽ ബിൽഡിങ്ങിലാണ് താമസം. അതിനാൽ, ഏത് നിമിഷവും ഇവിടേക്ക് നോട്ടം കിട്ടും.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിലെ ജീവനക്കാരിയായ ലൈല വർഷങ്ങൾക്കു മുമ്പ് ജോലി രാജിവെച്ചിരുന്നു. ഹനീഫും റിട്ടയറായതോടെ മക്കളായ സുനിതക്കും (ദുബൈ ഹോസ്പിറ്റൽ) സിതാരക്കും (ഡി.ഐ.എഫ്.സി) ഒപ്പമാണ് താമസം. വിശ്രമജീവിതം വീടിനുള്ളിൽ ഒതുക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ചെറിയരീതിയിലുള്ള കൃഷിയിൽ സജീവമായത്. ഇവിടെ വിളയുന്ന പച്ചക്കറികൾ സുഹൃത്തുക്കളുമായി പങ്കിടുന്നു. ഈജിപ്തുകാരനായ ഇമാമിനും കൃഷിയോട് വലിയ പ്രിയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.