ദുബൈ: ഇതുവരെ കാണാത്ത കാഴ്ചകളും അനുഭവങ്ങളുമായിരിക്കും ഇക്കുറി േഗ്ലാബൽ വില്ലേജിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പ്രവേശന കവാടത്തിൽ തെർമൽ കാമറകളും പരിശോധനകളും സാനിറ്റൈസറുകളുമായിരിക്കും സുരക്ഷയേകി നിങ്ങളെ സ്വീകരിക്കുക. പവലിയനിൽ ചിരിച്ചുകൊണ്ട് സ്വാഗതമോതിയവർ ഇക്കുറി മാസ്കണിയും. വർണം വിതറുന്ന സ്റ്റേജ് ഷോകൾക്ക് പകരം വിർച്വൽ സംഗീത നിശകൾ അരങ്ങേറും. ഇത് ന്യൂ നോർമൽ കാലമാണ്. ഇനി ഇങ്ങനെയൊക്കെയാണ് എന്ന് ലോകത്തോട് വിളിച്ചുപറയാനൊരുങ്ങുന്ന േഗ്ലാബൽ വില്ലേജ് സുരക്ഷിതത്വത്തിെൻറ പുതുമാതൃകകളായിരിക്കും അവതരിപ്പിക്കുക. സുരക്ഷിതമായി ലോകമേള എങ്ങനെ നടത്താം എന്നത് ലോകത്തിന് മുന്നിൽ തെളിയിക്കാനാണ് ആഗോള ഗ്രാമത്തിൽ സന്നാഹമൊരുങ്ങുന്നത്.കഴിഞ്ഞ സീസണിെൻറ അവസാനവും േഗ്ലാബൽ വില്ലേജിനെ തേടി കോവിഡ് എത്തിയിരുന്നു. നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദേശം അന്നുണ്ടായിരുന്നില്ല. എന്നാൽ, വ്യാപനം രൂക്ഷമായതോടെ ഒരാഴ്ച മുമ്പ് വില്ലേജ് അടച്ചു.
600 സ്ഥലങ്ങളിൽ സാനിറ്റൈസർ
വില്ലേജിെൻറ എല്ലാ ഭാഗങ്ങളിലും അണുനശീകരണത്തിന് സൗകര്യമുണ്ടാവും. 600 സ്ഥലങ്ങളിലാണ് സാനിറ്റൈസർ സ്ഥാപിക്കുന്നത്. കുട്ടികൾക്കുള്ള മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യും. േദഹോഷ്മാവ് പരിശോധിച്ചായിരിക്കും ഓരോ സന്ദർശകനെയും അകത്തേക്ക് കയറ്റിവിടുക. എല്ലാ പ്രവേശന കവാടങ്ങളിലും തെർമൽ കാമറയുണ്ടാകും. പനിയും ചുമയുമുള്ളവർ വരരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രായമുള്ളവരും രോഗികളും തിരക്കേറിയ ഭാഗങ്ങളിൽനിന്ന് വിട്ടുനിൽകണം. നേരിട്ടുള്ള ഇടപാടുകൾ വഴിയല്ലാത്ത പണമിടപാടുകൾക്ക് സൗകര്യമുണ്ടായിരിക്കും.
മുഴുവൻ സംവിധാനങ്ങളും സ്ഥിരമായി അണുമുക്തമാക്കും. വാലേറ്റ് പാർക്കിങ് സംവിധാനം ഉണ്ടാവില്ല. എന്നാൽ, പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങളുണ്ടാകും. പാർക്കിങ് സ്ഥലങ്ങൾ ദിവസവും രാത്രി അണുമക്തമാക്കും. പ്രാർഥനമുറികൾ പ്രാർഥനസമയത്ത് മാത്രമേ തുറക്കൂ. വീൽചെയറുകളും ട്രോളികളും ഓരോ ഉപയോഗ ശേഷവും അണുമുക്തമാക്കും. മെയിൻ സ്റ്റേജിന് മുന്നിൽ അതിഥികൾക്കുള്ള കസേരകൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കും. കാർണിവലിലെ റൈഡുകളിലും ഗെയിമുകളിലും നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കൂ. ഇവ ഒാരോ ഉപയോഗ ശേഷവും അണുമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
വില്ലേജിനുള്ളിൽ പരിശോധന സൗകര്യം
ആവശ്യമായി വന്നാൽ വില്ലേജിനുള്ളിൽ കോവിഡ് പരിശോധന സൗകര്യമുണ്ടാവും. പ്രൈം ഹോസ്പിറ്റൽ ക്ലിനിക്കുമായി സഹകരിച്ചാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. എന്തെങ്കിലും മെഡിക്കൽ എമർജൻസിയുണ്ടായാൽ ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. പരിധിയിൽ കൂടുതൽ ആളുകൾക്ക് പ്രവേശനാനുമതി നൽകില്ല. ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.