ദുബൈ: ഗൾഫ് മേഖലയിലെ റീട്ടെയിൽ ഷോപ്പിങ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ് ദുബൈ ഔട്ട്ലെറ്റ് മാളുമായി ചേർന്ന് പുതിയ മെഗാ മാർക്കറ്റിന് തുടക്കം കുറിക്കുന്നു. മൊത്തക്കച്ചവട വില നിലവാരം ഉപഭോക്താക്കൾക്ക് ഉറപ്പാക്കി വിലപേശൽ അടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മെഗാ മാർക്കറ്റ് സജ്ജമാകുന്നത്. ഉയർന്ന മൂല്യമുള്ള വിഭവങ്ങൾക്ക് ഏറ്റവും കുറഞ്ഞ വില ഉറപ്പാക്കുകയും വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിശാലമായ ലഭ്യത അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ലുലു ഗ്രൂപ് മെഗാ മാർക്കറ്റിലൂടെ വിഭാവന ചെയ്യുന്നത്. നിലവിലുള്ള ദുബൈ ഔട്ട്ലെറ്റ് മാളിൽ 35 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ അനുബന്ധമായാണ് ലുലുവിെൻറ മെഗാ മാർക്കറ്റ് വരുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ലെറ്റ് മാളുള്ള നഗരമായി ദുബൈ മാറുകയാണ്.
ചുറ്റുവട്ടത്തുള്ള 12 ലക്ഷത്തിലധികം വരുന്ന താമസക്കാർക്കും പുറത്തുനിന്നുവരുന്ന സന്ദർശകർക്കും 365 ദിവസവും ബാർഗൈൻ മേളകൾക്ക് അവസരം ലഭിക്കുന്ന വിധത്തിലാണ് മെഗാമാർക്കറ്റ് സജ്ജീകരിക്കുക. സിനിമാ തിയറ്ററും കമ്യൂണിറ്റി ഇവൻറ് സ്പേസും സംഗീത പരിപാടികൾക്കുള്ള വിനോദകേന്ദ്രങ്ങളും മെഗാ മാർക്കറ്റിലുണ്ടാകും. നൂതനമായ റീട്ടെയിൽ പ്രതലം സൃഷ്ടിച്ച് ഉപഭോക്താക്കൾക്ക് സമ്പൂർണമായ പുതിയ അനുഭവം നൽകലാണ് മെഗാ മാർക്കറ്റിെൻറ ലക്ഷ്യമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. കാഷ് ആൻഡ് കാരി സമ്പ്രദായത്തിലൂടെ വിലപേശൽ വിപ്ലവത്തിന് ഫാഷൻ -ലൈഫ് സ്റ്റൈൽ മേഖലയിൽ മെഗാ മാർക്കറ്റ് പുതിയ മുതൽക്കൂട്ടാകുമെന്ന് യൂസുഫലി പറഞ്ഞു.
ലുലു ഗ്രൂപ്പുമായി കൈകോർക്കുന്നതിലൂടെ മൂല്യാധിഷ്‌ഠിത ഷോപ്പിങ് എന്നത് പുതിയ ആഗോള നിലവാരം സൃഷ്ടിക്കുമെന്ന് ദുബൈ ഔട്ട്ലെറ്റ് മാളിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ അലി ഖമ്മാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.