അബൂദബി: ഐ.പി.ഒയിൽ നിക്ഷേപകരുടെ റെക്കോഡ് പങ്കാളിത്തം നേടിയതിനു പിന്നാലെ, ലുലു റീട്ടെയ്ലിന്റെ ഓഹരികൾ വ്യാഴാഴ്ച അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. എ.ഡി.എക്സിന്റെ ബെല്ല് റിങ്ങിങ് സെറിമണിയോടെ ലുലു റീട്ടെയ്ൽ ഔദ്യോഗികമായി ലുലു ഓഹരികളുടെ വിൽപന ആരംഭിക്കും.
ജി.സി.സിയിലെ രാജകുടുംബാംഗങ്ങൾ അടക്കമുള്ളവരാണ് ലുലു റീട്ടെയ്ൽ നിക്ഷേപകർ. യു.എ.ഇയിൽ ഈ വർഷം നടക്കുന്ന ഏറ്റവും വലിയ റീട്ടെയ്ൽ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്. എ.ഡി.എക്സിലെ നൂറാമത്തെ ലിസ്റ്റിങ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ലുലു റീട്ടെയ്ലിന്റെ ഓഹരി അലോക്കേഷൻ നവംബർ 12ന് പൂർത്തിയായിരുന്നു. നിക്ഷേപക സ്ഥാപനങ്ങൾ കൂടാതെ, ഐ.പി.ഒ തുടങ്ങി 16 ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരികൾ വാങ്ങിയത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികളുടെ വിൽപന 25 ശതമാനത്തിൽ നിന്ന് 30 ആക്കി ഉയർത്തിയിരുന്നു.
അബൂദബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്തമാണ് ലുലു ഐ.പി.ഒക്ക് ലഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ മൂന്നു ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. 2.04 ദിർഹമാണ് ലുലു ഓഹരി വില.
അബൂദബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.