അജ്മാൻ: ഗൾഫിലെ മിടുക്കരായ വിദ്യാർഥികൾക്ക് മീഡിയവൺ ഏർപ്പെടുത്തിയ മബ്റൂക് ഗൾഫ് ടോപേഴ്സ് പുരസ്കാരച്ചടങ്ങുകൾക്ക് യു.എ.ഇയിൽ പരിസമാപ്തി. അജ്മാനിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും പുരസ്കാരച്ചടങ്ങ് അജ്മാൻ പ്രൈവറ്റ് എജുക്കേഷൻ വിദ്യാർഥി വിഭാഗം ഡയറക്ടർ സുലൈമാൻ ഹസ്സൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ മുന്നോട്ടുള്ള യാത്രയിൽ ഇത്തരം പുരസ്കാരങ്ങൾ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലത്ത് അവസരങ്ങളുടെ വലിയ ജാലകമാണ് വിദ്യാർഥികൾക്ക് മുന്നിലുള്ളത്. ഇച്ഛാശക്തിയോടുകൂടി അതു കീഴടക്കാൻ കുട്ടികൾക്കാകണം -അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങ് സംഘടിപ്പിച്ച മീഡിയവണിനെ അദ്ദേഹം അഭിനന്ദിച്ചു. അൽ ശംസി അഗ്രികൾച്ചർ പ്രോജക്ട് മാനേജ്മെന്റ് ഡയറക്ടർ ഉബൈദ് അലി ഹുമൈദ് ഹറബ് അൽ ശംസി മുഖ്യപ്രഭാഷണം നടത്തി. ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികളാണ് പുരസ്കാരം സ്വീകരിച്ചത്.
അജ്മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ പ്രിൻസിപ്പൽ ഗാരി വില്യംസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ല സാലഹ്, ഹിറ്റ് 96.7 എഫ്.എം അവതാരക നിമ്മി ജോസ് ആന്റണി, അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ പ്രിൻസിപ്പൽ ബാല റെഡ്ഡി, മീഡിയവൺ അഡ്വൈസറി ബോർഡ് അംഗങ്ങളായ അമീർ അഹമ്മദ് മണപ്പാട്ട്, ഷറഫുദ്ദീൻ, മീഡിയവൺ ജി.സി.സി ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ജനറൽ മാനേജർ സവ്വാബ് അലി, മീഡിയവൺ ജി.സി.സി എഡിറ്റോറിയൽ മേധാവി എം.സി.എ നാസർ, മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ്, പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ. ഷംസുദ്ദീൻ എന്നിവർ പുരസ്കാരവിതരണം നടത്തി.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ അൽബാബ് നറുക്കെടുപ്പിലൂടെ നൽകിയ 43 ഇഞ്ച് ടി.വി മാർക്കറ്റിങ് മാനേജർ മുഹമ്മദ് അഷ്ഫാൻ, അസി. മാർക്കറ്റിങ് മാനേജർ ഹിറ ഖാൻ എന്നിവർ സമ്മാനിച്ചു. പരിപാടിക്കെത്തിയ എല്ലാവർക്കും രണ്ടായിരം രൂപയുടെ ഡിസ്കൗണ്ട് വൗച്ചറും വിതരണം ചെയ്തു. അസോസിയേറ്റ് സ്പോൺസർമാരായ അസ് യാൻ ഗോൾഡ് ലക്കി ഡ്രോയിലൂടെ നൽകിയ ഡയമണ്ട് റിങ്ങും ചടങ്ങിൽ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.