ദുബൈ: ലോകമലയാളിയുടെ അറിയാമൂളക്കങ്ങളിൽ സ്ഥാനംപിടിച്ച ‘കമോൺ.. കമോൺ കേരള’ ഗാനം ഇനി പുതുമോടിയിൽ. മലയാളക്കരയുടെ ഹരിതഭംഗിയും യൗവനാവേശവും വരിയിലും താളത്തിലും പകർന്നാടുന്ന ‘കമോൺ കേരള’യുടെ തീം സോങ് കേരളത്തിലും ദുബൈയിലും ഒരേസമയം നടന്ന ചടങ്ങുകളിൽ പുറത്തിറങ്ങി.
ജൂൺ 7, 8, 9 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരളയുടെ ആറാം എഡിഷൻ അരങ്ങേറുന്നതിന് മുന്നോടിയായാണ് ഗാനം റീകമ്പോസ് ചെയ്ത് പുറത്തിറക്കിയത്. പുതിയ കേരളത്തിന്റെ പരിച്ഛേദം ആവാഹിച്ച കാഴ്ചകൾ മിന്നിമറിയുന്ന ദൃശ്യവിരുന്നിന്റെ അകമ്പടിയോടെയാണ് ഗാനം സംവിധാനിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വികസനമുന്നേറ്റവും ബഹുസാംസ്കാരികതയും അടയാളപ്പെടുത്തുന്നുണ്ട് ഗാനം.
മലയാളത്തിന്റെ പ്രതിഭാധനനായ സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് 2018ൽ കോർത്തിണക്കിയ ഗാനം, പുത്തൻ മിഴിവോടെ റീകമ്പോസ് ചെയ്തത് യുവഗായകൻ ജാസിം ജമാലാണ്. ജാസിമിനൊപ്പം ശ്വേത അശോക്, ലിബിൻ സ്കറിയ, ശിഖ പ്രഭാകർ എന്നിവരാണ് ഗാനമാലപിച്ചത്. ഗാനരചയിതാവ് ബി. ഹരിനാരായണനാണ് രചന നിർവഹിച്ചത്. റീകമ്പോസ് ചെയ്ത പാട്ടിൽ അൻസിഫ് അബ്ദുല്ലയുടെ വരികൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പാട്ടിന് യോജിച്ച ദൃശ്യാവിഷ്കാരം സുഹൈൽ ബക്കറാണ് സമ്മാനിച്ചത്.
കോഴിക്കോട് മീഡിയവൺ ടി.വി സ്റ്റുഡിയോയിലും ദുബൈയിൽ ഹിറ്റ് എഫ്.എം റേഡിയോ സ്റ്റേഷനിലുമാണ് തീം സോങ് പ്രകാശനച്ചടങ്ങുകൾ നടന്നത്. കോഴിക്കോട് മീഡിയവൺ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം സാലിഹ്, മാധ്യമം ബിസിനസ് സൊലൂഷൻ കൺട്രി ഹെഡ് കെ. ജുനൈസ് എന്നിവരും ദുബൈയിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ രമേഷ്, മാധ്യമം ബിസിനസ് സൊലൂഷൻ ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ്യ മുഹമ്മദ്, ബിസിനസ് സൊലൂഷൻ യു.എ.ഇ കൺട്രി ഹെഡ് ഹാശിം ജെ.ആർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.