അജ്മാന്: ബന്ധുവിനായി നാട്ടിൽനിന്ന് കൊണ്ടുവന്ന മരുന്നുകൾ മലയാളിക്ക് വിനയായി. അജ്മാനിലെ താമസക്കാരനായ മലപ്പുറം സ്വദേശിയാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇദ്ദേഹം കൊണ്ടുവന്ന മരുന്നുകളില്‍ ചിലത് യു.എ.ഇയിൽ നിരോധിച്ചതായിരുന്നു. ഇതറിയാതെയാണ് ഇദ്ദേഹം ലഗേജിൽ മരുന്നുകളുമായി എത്തിയത്.
വിമാനത്താവളത്തിലെ പരിശോധനയില്‍ മരുന്നുകൾ കണ്ടെത്തുകയും ഇദ്ദേഹത്തെ തടഞ്ഞുവെക്കുകയുമായിരുന്നു. വിമാനത്താവളത്തിലെ ഡ്രഗ് കൺട്രോള് വിഭാഗം നടത്തിയ പരിശോധയിലാണ് യു.എ.ഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ രണ്ട് സ്ട്രിപ്പുകള്‍ ഇദ്ദേഹത്തിന്റെ ബാഗില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്നും ഉറ്റവര്‍ നല്കിയ മരുന്ന് പരിശോധിക്കാതെ ലഗേജില്‍ കൊണ്ടുവന്നതാണ് വിനയായത്. വീട്ടില്‍നിന്ന് രാത്രി 12 മണിക്ക് വിമാനത്താവളത്തിലേക്ക് ഇറങ്ങാന്‍നിന്ന ഇദ്ദേഹത്തിന് തൊട്ടുമുമ്പ് മാത്രമാണ് മരുന്ന് അടുത്ത ബന്ധു ഏല്‍പ്പിച്ചത്. ഡോക്ടറുടെ കുറിപ്പടി അടക്കമാണ് ഇദ്ദേഹം മരുന്ന് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇത് യു.എ.ഇയില്‍ നിരോധിച്ച മരുന്നുകളുടെ ഗണത്തില്പ്പെട്ടതായിരുന്നു. മരുന്ന് പിടികൂടിയ അധികൃതര്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന എല്ലാ മരുന്നുകളും പിടിച്ചെടുക്കുകയും പിഴയടക്കാന്‍ വിധിക്കുകയും ചെയ്തു.
ഇത്തരം മരുന്നുകള്‍ കൊണ്ടുവരുന്നത് ശക്തമായ നടപടികള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ നിരവധി തവണ ഓർമിപ്പിച്ചിട്ടും ഇത് ശ്രദ്ധിക്കാത്തതാണ് കെണിയായത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലും മറ്റൊരാള്‍ക്കുവേണ്ടി നാട്ടില്‍നിന്ന് മരുന്ന് കൊണ്ടുവരുന്നവര്‍ ഇത് യു.എ.ഇയില്‍ വിലക്കുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. അല്ലാത്തപക്ഷം പിടിക്കപ്പെട്ടാല്‍ തടവുശിക്ഷയോ നാടുകടത്തലോ പിഴയോ അടക്കമുള്ള ശക്തമായ ശിക്ഷ നടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്നും നിയമവിദഗ്ധര്‍ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.