അജ്മാൻ: മീഡിയവൺ ‘മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ്’ മൂന്നാംഘട്ട പുരസ്കാരങ്ങൾ വിതരണം ചെയ്തു. അജ്മാൻ അൽതല്ലയിലെ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന ചടങ്ങിൽ നാനൂറിലേറെ വിദ്യാർഥികളാണ് ആദരം ഏറ്റുവാങ്ങിയത്.
റെഡ് ക്രസന്റ് എമർജൻസി വിഭാഗം മേധാവി ഹുമൈദ് ഹമദ് ഉബൈദ് ജുമ അൽ ഷംസി പുരസ്കാരദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈയിലെ പ്രമുഖ റേഡിയോ മാധ്യമ പ്രവർത്തകൻ ഫസ്ലു, എഴുത്തുകാരി ഷെമി, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാഹ്, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി തുടങ്ങിയവർ വിദ്യാർഥികളെ ആദരിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിലും 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിവിധ എമിറേറ്റുകളിലെ നാനൂറിലേറെ വിദ്യാർഥികളെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പരിപാടിയിൽ ആദരിച്ചത്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസിൽ പ്ലസ് ടു പരീക്ഷയിൽ യു.എ. ഇ ടോപ്പറായ മലയാളി വിദ്യാർഥി ഇബ്രാഹിം ഹസ്സാനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. സമ്മാനദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് പത്തുവർഷത്തെ യു.എ.ഇ ഗോൾഡൻ വിസക്കുള്ള അവസരമുണ്ടായിരുന്നു. നിവിൻ ബിനോയിക്കാണ് ഗോൾഡൻ വിസക്കുള്ള അവസരം ലഭിച്ചത്.
തിരഞ്ഞെടുക്കുന്ന നാലുപേർക്ക് സ്മാർട്ട്സെറ്റ് അക്കാദമി സൗജന്യമായി മുസണ്ടം ഫുൾഡേ ട്രിപ്പിനും അവസരം നൽകും. യു.എ.ഇയിലെ മൂന്ന് ഘട്ടങ്ങൾ പിന്നിട്ട് മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ് ഇനി സൗദിയിലും ഖത്തറിലും നടക്കും. യു.എ.ഇയിൽ ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സ്മാർട്ട്സെറ്റ് അക്കാദമി, ഇ.സി.എച്ച് ഡിജിറ്റൽ എന്നിവയുടെ പിന്തുണയോടെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.