ദുബൈ: 1978ൽ ഉമ്മൻ ചാണ്ടി കേരള തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന കാലം. ജോലി തട്ടിപ്പിൽ വഞ്ചിതരായി പ്രവാസലോകത്ത് അകപ്പെട്ടുപോയ 100ഓളം പ്രവാസികളുടെ വാർത്തയറിഞ്ഞാണ് അദ്ദേഹം യു.എ.ഇയിലെത്തുന്നത്. ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന തൊഴിൽവകുപ്പ് മന്ത്രിയെ സ്വീകരിക്കാൻ പ്രമുഖരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. പല മോഡൽ ആഡംബര കാറുകളും പാർക്കിങ് ഏരിയയിൽ അകമ്പടി പോകാൻ കാത്തുകിടപ്പുണ്ട്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ചുളിവുകൾ നിവരാത്ത ഖദറിനുള്ളിൽനിന്ന് സൗമ്യമായ ആ മുഖം വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽനിന്ന് പുറത്തേക്കുവന്നതും മന്ത്രിയെ സ്വീകരിക്കാൻ പ്രവാസി പ്രമുഖർ ഓടിയെത്തി. എന്നാൽ, പ്രോട്ടോകോളിന്റെ കണിശത കാരണം കോട്ടയത്തുകാരനായ എം.ജി. പുഷ്പാകരന്‍ ഉമ്മൻ ചാണ്ടിയുടെ അടുത്തെത്താനായിരുന്നില്ല. പക്ഷേ, ചുറ്റും കൂടിനിന്നവരെ ഞെട്ടിച്ചുകൊണ്ട്, എല്ലാ ആഡംബര സ്വീകരണങ്ങളെയും വകഞ്ഞു മാറ്റി ഉമ്മൻ ചാണ്ടി ഉറക്കെ വിളിച്ചുപറഞ്ഞു. ‘ഇന്നെന്റെ താമസം പുഷ്പേട്ടന്റെ കൂടെയാണ്... ഇതു കേട്ടതോടെ പ്രമുഖരുടെ മുഖത്ത് അത്ഭുതവും അൽപം നീരസവും നിറഞ്ഞെങ്കിലും എം.ജി. പുഷ്പാകരന്റെ മനസ്സിൽ മാത്രം അങ്കലാപ്പായിരുന്നു. രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ താൻ ഒന്നുമല്ലെന്ന് സ്വയം വിശ്വസിച്ചിരുന്ന പുഷ്പേട്ടനൊപ്പം കേരളത്തിന്റെ തൊഴിൽ വകുപ്പുമന്ത്രി താമസിക്കാനെത്തുന്നു! നാലുപേർ താമസിക്കുന്ന ദേരയിലെ ഒറ്റമുറി ഫ്ലാറ്റിൽ അദ്ദേഹം എങ്ങനെ തങ്ങും? അവിടെ ആകെയുള്ളത് രണ്ട് കട്ടിലുകൾ മാത്രമായിരുന്നു. സൗകര്യങ്ങളും നന്നേ കുറവ്. എന്തു ചെയ്യുമെന്നറിയാതെ അന്ധാളിച്ചുനിന്ന പുഷ്പേട്ടന്റെ തോളിൽ തട്ടി ഉമ്മൻ ചാണ്ടി പറഞ്ഞു; ‘‘വാ പോകാം.’’ അങ്ങനെ ഉദ്യോഗസ്ഥരെ ഹോട്ടലുകളിലേക്ക് പറഞ്ഞുവിട്ട് അദ്ദേഹം പുഷ്പേട്ടനൊപ്പം ദേരയിലെ ഫ്ലാറ്റിലേക്ക് പോയി. വിശിഷ്ടാതിഥിയുടെ വരവറിഞ്ഞ് മുറിയിലെ സുഹൃത്തുക്കൾ കട്ടിലുകൾ ഒഴിച്ചിട്ടിരുന്നു. എന്നാൽ, അതെല്ലാം നിരസിച്ച അദ്ദേഹം താഴെ പായ വിരിച്ചായിരുന്നു കിടന്നത്. പിറ്റേ ദിവസം പ്രവാസികളുടെ വിഷയങ്ങളിൽ പരിഹാരം കാണാൻ യാത്രയിലുടനീളം പുഷ്പാകരന്റെ നിറസാന്നിധ്യവും ഉമ്മൻ ചാണ്ടി ഉറപ്പിച്ചിരുന്നു. അന്ന് ജോലി തട്ടിപ്പിൽ കുടുങ്ങിയവരെ അദ്ദേഹം രക്ഷപ്പെടുത്തി.
പലർക്കും ജോലി തരപ്പെടുത്തി. അവരിൽ പലരും ഇന്ന് പ്രവാസലോകത്തെ കോടീശ്വരന്മാരും പൗരപ്രമുഖരുമാണ്. പിന്നീട് പലതവണ അദ്ദേഹത്തെ അടുത്തറിയാൻ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുകൂടിയായ എം.ജി. പുഷ്പാകരന്‍ ഭാഗ്യം ലഭിച്ചു. സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ അനവധി നേതാക്കൾ പിന്നീട് പ്രവാസലോകത്ത് വന്നുപോയി. എങ്കിലും, അന്ന് വിമാനത്താവളത്തിലെ ഉമ്മൻ ചാണ്ടിയുടെ ആ പ്രഖ്യാപനം നാലര പതിറ്റാണ്ടിനിപ്പുറവും പുഷ്പാകരന്റെ ചെവികളിൽ അലയടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.