അബൂദബി: പൊതുസംവിധാനങ്ങളും സേവനങ്ങളും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും കൂടുതല്‍ പ്രാപ്യമാക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അബൂദബി പുതിയ പദ്ധതി അവതരിപ്പിച്ചു.
സാമൂഹിക വികസന വകുപ്പും അല്‍ദാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. യാസ് ഐലന്‍ഡില്‍ ഈവര്‍ഷം ആദ്യ പാദത്തില്‍ പദ്ധതിയുടെ പരീക്ഷണ ഘട്ടം തുടങ്ങും. പൊതു സ്ഥാപനങ്ങള്‍, ഗതാഗത, ഭവന, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, വിനോദകേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നേരിട്ടും ഡിജിറ്റലായുമുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. യാസ് ഐലന്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി പന്നീട് എമിറേറ്റിലാകെ വ്യാപിപ്പിക്കുമെന്ന് സാമൂഹിക വികസന വകുപ്പിലെ നിശ്ചയദാര്‍ഢ്യ ജനതക്കായുള്ള സീനിയര്‍ സ്പെഷലിസ്റ്റ് സാറ ബചാര് പറഞ്ഞു.
പൈലറ്റ് പദ്ധതിയുടെ വിലയിരുത്തല്‍ 2025ല്‍ നടത്തും. എമിറേറ്റിന്റെ മറ്റിടങ്ങളിലേക്ക് 2026ഓടെ പദ്ധതി വ്യാപിപ്പിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പദ്ധതിയുടെ പ്രചാരണ കാലയളവില്‍ നൂറിലേറെ ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും അബൂദബിയുടെ ലക്ഷ്യമാണ്.
ലോകാരോഗ്യ സംഘടനയുടെ വൃദ്ധ സൗഹൃദ നഗരപട്ടികയില്‍ ഇടം നേടാനും ഈ പദ്ധതിയിലൂടെ അബൂദബിക്ക് സാധിക്കും. വീല്‍ചെയറില്‍ ജീവിക്കുന്നവര്‍ക്കായി ബീച്ചുകളില്‍, ഭിന്നശേഷി സൗഹൃദപരമായ പ്രത്യേക സൗകര്യം അബൂദബി അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു. അബൂദബി നഗര ഗതാഗത വകുപ്പ്, മുബാദലയുമായി സഹകരിച്ച് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് കടല്‍ ആസ്വദിക്കാന്‍ പ്രത്യേക റാമ്പാണ് ഒരുക്കിയത്.
ഭിന്നശേഷിക്കാര്‍ക്ക് കടല്‍തീരത്ത് ഇറങ്ങാന്‍ റാമ്പ് താഴ്ത്താനും പിന്നീട് കസേരയില്‍ കയറിയിരിക്കാന്‍ റാമ്പ് ഉയര്‍ത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കോര്‍ണിഷ് പബ്ലിക് ബീച്ച്, കോര്‍ണിഷ് ഫാമിലി ബീച്ച്, കോര്‍ണിഷ് സാഹില്‍ ബീച്ച്, അല്‍ ബത്തീന്‍ പബ്ലിക് ബീച്ച്, അല്‍ ബത്തീന്‍ ലേഡീസ് ബീച്ച് എന്നിവിടങ്ങളിലും സീട്രാക് സംവിധാനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.