ദുബൈ: വിദ്യാലയങ്ങളിൽ ആരോഗ്യപ്രദമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്തുന്നതിന് സംരംഭവുമായി ദുബൈ മുനിസിപ്പാലിറ്റി. സ്കൂളുകൾക്ക് ഭക്ഷണക്രമവും രീതികളും മാറ്റംവരുത്താൻ സഹായിക്കുന്നതിന് ആവശ്യമായ ബോധവത്കരണം നൽകുന്നതാണ് പദ്ധതി. സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാന്റീനുകളിൽ ഏതെല്ലാം ഭക്ഷണം ലഭ്യമാക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കുന്നതിന് സംരംഭത്തിന്റെ ഭാഗമായി ഡിജിറ്റൽ പഠന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി മൂന്നുലക്ഷം വിദ്യാർഥികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സാധിക്കും.
പോഷകാഹാരം, ഭക്ഷ്യസുരക്ഷ, സുസ്ഥിര ഉപഭോഗം എന്നിവയെ കുറിച്ച ഉള്ളടക്കവും ഇന്ററാക്ടിവ് ഗെയിമുകളും മൂല്യനിർണയ സംവിധാനവും ഇതിലുണ്ട്. അധ്യാപകർക്ക് ഇതുപയോഗിച്ച് കുട്ടികളെയും ഭക്ഷണം നൽകുന്ന കമ്പനികളുടെ ജീവനക്കാരെയും ബോധവത്കരിക്കാൻ സാധിക്കും. സംവിധാനം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് മുനിസിപ്പാലിറ്റി പരിശീലനം ഒരുക്കുന്നുണ്ട്. കുട്ടികൾക്കാവശ്യമായ പോഷകാഹാരം ലഭിക്കുന്നതിന് ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഉൽപന്നങ്ങൾ എന്നിങ്ങനെ വസ്തുക്കൾ ഉൾപ്പെടുത്താനാണ് സംരംഭം പ്രോത്സാഹിപ്പിക്കുന്നത്.
ഭാവിതലമുറക്ക് ആരോഗ്യപ്രദവും സുസ്ഥിരവുമായ ഒരു ഭക്ഷ്യശീലം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷ ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുകയും എമിറേറ്റിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂടിച്ചേർത്തു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഭക്ഷ്യവിതരണക്കാർ എന്നിവരുടെ രീതികൾ സർവേ നടത്തി മനസ്സിലാക്കിയ ശേഷമാണ് പദ്ധതി വികസിപ്പിച്ചത്. മികച്ച ഭക്ഷണം ഉറപ്പാക്കുന്നതിന് സ്കൂളുകളുമായി സഹകരിച്ച് നുട്രീഷ്യനിസ്റ്റുകൾ സഹകരിക്കുകയും ചെയ്യും. കുട്ടിക്കാലം മുതൽ ആരോഗ്യകരമായ ഭക്ഷണ സംസ്കാരം വളർത്തിയെടുക്കാൻ പദ്ധതിവഴി സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ഭാഗമായി വിവിധ സാമൂഹിക വിഭാഗങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി മുനിസിപ്പാലിറ്റി സ്കൂളുകളിൽ വർക്ഷോപ്പുകൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.