ഈത്തപ്പനകൾ കുലച്ച് തുടങ്ങിയതോടെ അൽ ഐൻ വിപണിയിൽ പൂങ്കുല കച്ചവടം സജീവമായി. 'നബാത്ത്' എന്ന പേരിൽ അറിയപ്പെടുന്ന ആൺ പൂങ്കുലകളാണ് വിൽപ്പനക്കായി എത്തിതുടങ്ങിയത്. ഈത്തപ്പനകൾ കുലക്കുമ്പോൾ അതിന്റെ പരാഗണത്തിന് പ്രകൃതി ദത്തമായ പൊടിക്കാറ്റ്, ഷഡ്പദങ്ങൾ, പക്ഷികൾ പോലുള്ള മാർഗങ്ങൾ ഉണ്ടെങ്കിലും കൃത്രിമ പരാഗണത്തിലൂടെയാണ് ഈത്തപ്പഴത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നത്. തോട്ടങ്ങളിൽ അപൂർവമായി മാത്രമേ ആൺ മരങ്ങൾ ഉളളൂ എന്നതും കൃത്രിമ പരാഗണത്തിന് കാരണമാണ്. നാലിൽ പരം നബാത്തിന്റെ ഇനങ്ങൾ വിപണിയിൽ എത്തുന്നുണ്ട് എന്നാണ് കച്ചവടക്കാർ പറയുന്നത്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഈത്തപ്പനകളിൽ പൂങ്കുലകൾ വിരിയുന്നത്. തോട്ടങ്ങളിലും വീടുകളിലും അപൂർവമായി കാണുന്ന ആൺമരങ്ങളിൽനിന്നാണ് പൂങ്കുലകൾ വെട്ടിയെടുക്കുന്നത്. സീസണിൻറ തുടക്കത്തിൽ ഒമാനിലെ തോട്ടങ്ങളിൽനിന്നാണ് പ്രധാനമായും പൂങ്കുലകൾ എത്തുന്നത്. അൽ ഐനിലെ അൽവഖൻ, അൽഖുവ തുടങ്ങിയ തോട്ടങ്ങളിൽ നിന്നും പൂങ്കുലകൾ ധാരാളമായി വരും ദിവസങ്ങളിൽ എത്തും. നബാത്തിന് തുടക്കത്തിൽ 80 ദിർഹം മുതൽ 100 ദിർഹം വരെയാണ് വില. ഇപ്പോൾ 20 മുതൽ 40 ദിർഹം വരെയാണ് വില. സീസണിൽ 10 ദിർഹം മുതൽ 20 ദിർഹം വരെയാകും വിപണി വില. പൂങ്കുലയുടെ വലിപ്പത്തിന് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
വിപണിയിൽ നിന്നും നബാത്തുകളുടെ ഗുണനിലവാരം നോക്കിവാങ്ങുന്നതിനായി സ്വദേശികൾ മാർക്കറ്റിൽ നേരിട്ടെത്തുന്നു. ഈ സീസണിന്റെ തുടക്കത്തിൽ വ്യാപകമായി ഒന്നിൽ കൂടുതൽ തവണ മഴ ലഭിച്ചതിനാൽ കർഷകർ സന്തോഷത്തിലാണ്. ആൺ മരങ്ങൾ കുലച്ച് പൂമ്പൊടി വിതറാൻ പാകമാകുമ്പോൾ അവ വെട്ടിയെടുത്താണ് വിപണിയിൽ എത്തിക്കുന്നത്. ഇത്തരം ആൺ പൂങ്കുലകളിൽനിന്നും ഏതാനും ഇതളുകൾ പെൺമരങ്ങളിലെ കുലച്ച് വരുന്ന പൂങ്കുലകളിൽ കെട്ടിവെക്കുകയാണ് പതിവ്. വെട്ടിയെടുത്ത പച്ച പൂങ്കുലകൾക്ക് ഏതാനും ദിവസത്തെ ആയുസെ ഉള്ളൂവെങ്കിലും ഉണക്കി സൂക്ഷിക്കുന്ന പൂങ്കുലകൾ അടുത്ത വർഷത്തേക്ക് സൂക്ഷിച്ച് വെക്കുന്ന പതിവും കർഷകർക്കുണ്ട്.
'ഗേത്' എന്നറിയപ്പെടുന്ന ഇളം പൂങ്കുലകൾ ഭക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. നബാത്തും ഔഷധ ഗുണമുള്ളതാണ്. ഔഷധ ഗുണമുള്ളതും ശരീര പുഷ്ടിക്ക് ഉപയിഗിക്കുന്നതുമായ ഈത്തപ്പനയുടെ പൂമ്പൊടി തേനിലും പാലിലും ചാലിച്ച് ഉപയോഗിക്കുന്നു. ഉണക്കിയ പൂമ്പൊടിക്ക് കിലോ 150 ദിർഹം മുതൽ 200 ദിർഹം വരെയാണ് വില. ഓരോ വർഷവും പൂങ്കുലക്കും പൂമ്പൊടിക്കും ആവശ്യക്കാർ കൂടിവരികയാണെന്നാണ് അൽഐൻ മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നത്. പൂമ്പൊടിയുടെ ഗുണം അറിഞ്ഞ് മലയാളികളും ആവശ്യക്കാരായി എത്തുന്നുണ്ടെന്ന് ബംഗാളികളും മലയാളികളുമായ കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.