അബൂദബി: 53ാമത് ദേശീയ ദിനാവധിയോടനുബന്ധിച്ച് യു.എ.ഇയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദർശിച്ചത് 82,053 വിനോദ സഞ്ചാരികൾ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴു ശതമാനം വര്‍ധനയാണ് 2024ല്‍ രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിനാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത്. 23,932 സന്ദര്‍ശകർ!. മസ്ജിദിലും ഇതോടനുബന്ധിച്ച കേന്ദ്രങ്ങളിലുമായി ദേശീയ ദിനാവധി ദിനം മുഴുവന്‍ ചെലവിടാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവിടെയെത്തുന്നവര്‍ക്കായി ‘സഹിഷ്ണുതയുടെ പാത’ എന്ന സ്വീകരണമടക്കമുള്ള സൗകര്യങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപൂര്‍വമായ പുസ്തകങ്ങളും ഇസ്ലാമിക സംസ്കാരത്തിന്റെ സമ്പന്നത ആഘോഷമാക്കുന്ന കൈയെഴുത്തുപ്രതികള്‍ അടക്കമുള്ളവ ലഭിക്കുന്ന അല്‍ ജാമി ലൈബ്രറിയും മസ്ജിദിലെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാം.
സന്ദര്‍ശകര്‍ക്കായി റസ്റ്റാറന്റുകള്‍, ഷോപ്പുകള്‍, കിയോസ്കുകള്‍, വിനോദ സൗകര്യങ്ങള്‍ അടക്കം അമ്പതിലേറെ വാണിജ്യ കേന്ദ്രങ്ങളാണ് മസ്ജിദ് പരിസരത്തായി ഒരുക്കിയിട്ടുള്ളത്. പള്ളിയും പരിസരങ്ങളും ചുറ്റിക്കാണാന്‍ ഇലക്ട്രിക് വാഹനങ്ങളും ലഭ്യമാണ്. പതിവ് സന്ദര്‍ശന സമയത്തിനു പുറമേ, രാത്രികാലങ്ങളിലെ സാംസ്കാരിക യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ ദിനാഘോഷവേളയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള വെര്‍ച്വല്‍ കള്‍ചറല്‍ ടൂര്‍ സൗകര്യം എല്‍ ദല്ലീല് എന്ന പേരില്‍ ശൈഖ് സായിദ് മസ്ജിദില്‍ ഒരുക്കിയിരുന്നു. 14 ഭാഷകളിലായിരുന്നു അധികൃതര്‍ ഈ സേവനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.