'നീറ്റ്' കേന്ദ്രം: ആശ്വാസത്തോടെ രക്ഷിതാക്കൾ

ദുബൈ: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ദുബൈക്ക് പുറമെ ഷാർജയിലും അബൂദബിയിലും കേന്ദ്രങ്ങൾ അനുവദിച്ചത് സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും. ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ കഴിഞ്ഞ വർഷം ദുബൈയിൽ കേന്ദ്രം അനുവദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഈ വർഷം അബൂദബിയിലും ഷാർജയിലും പരീക്ഷ നടത്തുന്നത്. ഗൾഫിൽ ഒന്നിലേറെ പരീക്ഷകേന്ദ്രങ്ങളുള്ള ഏക രാജ്യവും യു.എ.ഇയാണ്. മസ്കത്ത്, ദോഹ, മനാമ, റിയാദ്, കുവൈത്ത് സിറ്റി എന്നിവയാണ് ഗൾഫിലെ മറ്റ് കേന്ദ്രങ്ങൾ. കഴിഞ്ഞ വർഷം ദുബൈയിലും കുവൈത്തിലും മാത്രമായിരുന്നു കേന്ദ്രങ്ങൾ. യു.എ.ഇയിലെ കേന്ദ്രം ഷാർജയിൽ അനുവദിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ കുട്ടികൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന സ്ഥലം ഷാർജയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചില സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ദുബൈ ഊദ് മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളിനെയാണ് ഇന്ത്യൻ കോൺസുലേറ്റ് നിർദേശിച്ചത്. അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടിയിരുന്നു.

പി.സി.ആർ ടെസ്റ്റ് നടത്തി രണ്ട് മണിക്കൂറിലേറെ യാത്ര ചെയ്താണ് വിദ്യാർഥികൾ പരീക്ഷക്കെത്തിയിരുന്നത്. സ്വന്തമായി വാഹനമില്ലാത്ത രക്ഷിതാക്കൾ അതിലുമേറെ ബുദ്ധിമുട്ടി. വിമാനയാത്ര നിയന്ത്രണങ്ങളുള്ളതിനാൽ നാട്ടിലെത്തി പരീക്ഷയെഴുതുന്നത് ഇതിനേക്കാളേറെ ബുദ്ധിമുട്ടായിരുന്നു.

ഇത്തവണ 300ഓളം ഇന്ത്യൻ വിദ്യാർഥികൾ യു.എ.ഇയിൽ പരീക്ഷയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റുകളിലെ പരീക്ഷകേന്ദ്രം എവിടെയാണെന്ന് വ്യക്തമായിട്ടില്ല. രണ്ടു വർഷം മുമ്പ് വരെ വിദ്യാർഥികൾ നാട്ടിലെത്തിയാണ് പരീക്ഷ എഴുതിയിരുന്നത്.

ഇതിനെതിരെ രക്ഷിതാക്കളും സംഘടനകളും അസോസിയേഷനുകളുമെല്ലാം തുടർച്ചയായി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇതിന്‍റെ ഫലമായാണ് കഴിഞ്ഞ വർഷം ദുബൈയിൽ കേന്ദ്രം അനുവദിച്ചത്. 

Tags:    
News Summary - ‘Neet’ Center: Parents with relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 02:26 GMT