ദുബൈ: അബൂദബിയിലെ സ്കൂളുകളിൽ ഞായറാഴ്ച അധ്യയനം പുനരാരംഭിക്കുമ്പോൾ വിദേശി വിദ്യാർഥികൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു. വെക്കേഷൻ കാലത്ത് രാജ്യത്തിന് വെളിയിലോ സ്വന്തം രാജ്യങ്ങളിലേക്കോ പോയവർ യു.എ.ഇയിൽ മടങ്ങിയെത്തി സ്കൂളുകളിലേക്ക് പോകുമ്പോൾ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. നാലുമുതൽ 11 വയസ്സ് വരെയുള്ള കുട്ടികളാണ് സ്കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോൾ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. 96 മണിക്കൂർ സാധുതയുള്ള നെഗറ്റിവ് ഫലം വെളിവാക്കുന്ന സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നതിന് എമിറേറ്റിലുടനീളം ടെസ്റ്റിങ് കേന്ദ്രങ്ങൾ തുറന്നതായി വ്യക്തമാക്കിയ അഡെക്, കേന്ദ്രങ്ങളുടെ പൂർണവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ശീതകാല അവധിക്കുശേഷം രാജ്യത്തെ സ്കൂളുകളിൽ ജനുവരി മൂന്നു മുതൽ അധ്യയനം പുനരാരംഭിച്ചെങ്കിലും അബൂദബിയിലെ പബ്ലിക് സ്കൂളുകളിൽ രണ്ടാഴ്ചക്കാലം വിദൂരപഠനം തന്നെ തുടരാനായിരുന്നു നിർദേശിച്ചിരുന്നത്. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രമായിരിക്കും ക്ലാസ്റൂം പഠനത്തിന് തുടക്കമാകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളെ ക്ലാസ് മുറികളിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ തയാറാണെന്ന് സ്കൂൾ മാനേജ്മെൻറുകൾ അറിയിച്ചു. കോവിഡ്-19 മുൻകരുതൽ പൂർണാർഥത്തിൽ ഉറപ്പുവരുത്തിയാണ് സ്കൂളുകളിൽ ക്ലാസ്റൂം പഠനം പുനരാരംഭിക്കുന്നത്.
സ്കൂളുകളിൽ വാക്സിൻ നൽകും
അൽഐൻ: ദേശീയ കോവിഡ് -19 വാക്സിനേഷൻ കാമ്പയിനിെൻറ ഭാഗമായി അബൂദബി വിദ്യാഭ്യാസ മാനവവിഭവശേഷി മന്ത്രാലയത്തിന് (അഡെക്ക്) കീഴിലെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകർക്കും ഇതര ജീവനക്കാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു. സ്കൂൾ ജീവനക്കാരുടെ സൗകര്യാർഥം ജനുവരി 17 മുതൽ ഓരോ സ്കൂളിലും നേരിട്ടെത്തി ജീവനക്കാർക്ക് വാക്സിൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.