ഷാർജ: യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് പുതിയ വിമാന സർവിസുകൾ തുടങ്ങാനുള്ള ഇത്തിഹാദ് എയർവേസിന്റെയും സലാം എയറിന്റെയും തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ. 2024 ജനുവരി മുതലാണ് ഇത്തിഹാദ് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നത്. ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് ഒക്ടോബർ ഒന്നു മുതലും ഫുജൈറയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് ഒക്ടോബർ രണ്ടു മുതലുമാണ് കണക്ഷൻ സർവിസ് ആരംഭിക്കുന്നത്. ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ട്. എയർ ഇന്ത്യയുടെ ദുബൈ-കോഴിക്കോട്, ഷാർജ-കോഴിക്കോട് സർവിസുകൾ നിർത്തലാക്കിയപ്പോൾ ഈ റൂട്ടിൽ ആഴ്ചയിൽ രണ്ടായിരത്തോളം സീറ്റുകളുടെ കുറവാണ് വന്നത്.
ഈ സർവിസുകളുടെ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പൂർണതോതിൽ നടപ്പായിട്ടില്ല. എയർ ഇന്ത്യയുടെ ദുബൈ-കോഴിക്കോട്, ഷാർജ-കോഴിക്കോട് സർവിസുകൾ പുനരാരംഭിക്കണമെന്ന പ്രവാസികളുടെയും വിവിധ സംഘടനകളുടെയും നിരന്തരമായ ആവശ്യം എയർ ഇന്ത്യ ഇതുവരെ പരിഗണിച്ചിട്ടുമില്ല.
എയർ ഇന്ത്യയുടെ പിന്മാറ്റത്തോടെ കോഴിക്കോട്-യു.എ.ഇ റൂട്ടിൽ ബജറ്റ് എയർലൈൻസുകൾ മാത്രമാണ് നേരിട്ട് സർവിസ് നടത്തിയിരുന്നത്. ജനുവരിയിൽ ഇത്തിഹാദ് സർവിസ് തുടങ്ങുന്നതോടെ അതിലും മാറ്റം വരുമെന്നാണ് പ്രതീക്ഷ. പുതിയ വിമാന സർവിസുകൾ വരുന്നതോടെ തിരക്കുള്ള സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിലും കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഈ കഴിഞ്ഞ വേനലവധിക്കാലത്ത് ചരിത്രത്തിലില്ലാത്ത നിരക്ക് ടിക്കറ്റിന് നൽകിയാണ് പല പ്രവാസികളും യാത്രചെയ്തത്. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള തടസ്സം ഇനിയും നീക്കാത്തത് പ്രവാസികൾക്ക് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.