ദുബൈ: ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന വാരാന്ത്യ അവധിക്കനുസരിച്ച് പുതുക്കിയ പബ്ലിക് സ്കൂളുകളുടെ സമയക്രമം എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെൻറ് പുറത്തിറക്കി. ഇതുപ്രകാരം ഒഫീഷ്യൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെയും വെള്ളിയാഴ്ച ഉച്ചവരെയും പ്രവൃത്തിദിവസങ്ങളായിരിക്കും. ആവശ്യമെങ്കിൽ രാവിലത്തെ അസംബ്ലിയും ക്ലാസുകൾക്കിടയിലെ ഇടവേളയും ഒന്നുമുതൽ 12ാം തരം വരെയുള്ളവർക്ക് ഒഴിവാക്കാൻ സ്കൂളുകൾക്ക് അനുമതിയുണ്ട്.
ഓരോ ക്ലാസുകൾക്കും നിശ്ചയിച്ച ആഴ്ചയിലെ മൊത്തം ക്ലാസ് സമയത്തിൽ കുറവുവരുത്താതെ, ഓരോ പീരിയഡും 45 മിനിറ്റോ ഒരു മണിക്കൂറോ ആയി തീരുമാനിക്കാം. കിൻറർഗാർഡന് 26ഉം ഒന്നു മുതൽ നാലുവരെയുള്ളവർക്ക് 35ഉം അഞ്ചുമുതൽ 12വരെയുള്ളവർക്ക് 40 മണിക്കൂറുമാണ് ആഴ്ചയിൽ ഉണ്ടാകേണ്ട ക്ലാസ് സമയം.
പുതിയ വർക്ക് വീക്കിലേക്ക് ക്ലാസ് ഷെഡ്യൂൾ ക്രമീകരിക്കാനും പാഠ്യപദ്ധതിക്ക് ആവശ്യമായ അക്കാദമിക് മോഡൽ സ്വീകരിക്കാനും സ്കൂളുകൾക്ക് അനുവാദം നൽകുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയിട്ടുള്ള അംഗീകൃത അക്കാദമിക് പ്ലാൻ നടപ്പാക്കി കൊണ്ടായിരിക്കണം ഇത് നടപ്പാക്കേണ്ടത്.
കൂടാതെ വിവിധ എമിറേറ്റുകളിലെ വിദ്യാഭ്യാസ വിഭാഗങ്ങൾ പ്രത്യേകം നിർദേശങ്ങൾ പുറത്തിറക്കുന്നുണ്ട്. ഷാർജയിൽ മൂന്നുദിവസം അവധി ലഭിക്കുന്ന രീതിയിലാണ് വാരാന്ത പ്രവൃത്തിദിനങ്ങൾ. അതിനനുസരിച്ച് ക്രമപ്പെടുത്താൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ദുബൈയിൽ സ്കൂളുകൾക്ക് പ്രവൃത്തി സമയം ദീർഘിപ്പിക്കാൻ കെ.എച്ച്.ഡി.എ അനുമതി നൽകിയിട്ടുണ്ട്.
•45 മിനിറ്റ് ക്ലാസ് സമ്പ്രദായത്തിൽ, മൂന്ന് പാഠ്യേതര വിഷയങ്ങൾ (കായികം, കല, സംഗീതം മുതലായവ) ഉൾപ്പെടെ ആഴ്ചയിൽ 35 ക്ലാസുകൾ നടത്തണം.
•സ്കൂളുകൾക്ക് പ്രവൃത്തി സമയം രണ്ടു രീതിയിൽ ക്രമീകരിക്കാം: തിങ്കൾ-വ്യാഴം ദിവസങ്ങളിൽ രാവിലെ 7.15 മുതൽ ഉച്ച 1.35 വരെയും വെള്ളിയാഴ്ച രാവിലെ 7.15 മുതൽ 11 വരെയും ക്ലാസുകൾ നടത്തുക എന്നതാണ് ആദ്യത്തെ ഒപ്ഷൻ. അല്ലെങ്കിൽ തിങ്കൾ
•വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 2.20 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതൽ 11.45 വരെയും ക്ലാസുകൾ ആരംഭിക്കുക.
•ഒരു ദിവസത്തിൽ 35 മിനിറ്റ് ഒഴിവുസമയം അനുവദിക്കണം. ഓരോ ബ്രക്കിനും പരമാവധി ഒഴിവുസമയം 20 മിനിറ്റായിരിക്കണം.
•45 മിനിറ്റ് ക്ലാസ് സമ്പ്രദായത്തിന് കീഴിൽ, സ്കൂളുകൾ 5-12 ഗ്രേഡ് വരെയുള്ള വിദ്യാർഥികൾക്ക് നാല് പാഠ്യേതര പാഠങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ 40 ക്ലാസുകൾ നടത്തണം.
•തിങ്കൾ-വ്യാഴം ദിവസങ്ങളിൽ രാവിലെ 7.15 മുതൽ ഉച്ച 2.30 വരെയും വെള്ളിയാഴ്ച രാവിലെ 7.15 മുതൽ 10.45 വരെയും ആൺകുട്ടികൾക്ക് ക്ലാസ്.
•തിങ്കൾ-വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ 3.15 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതൽ 11.30 വരെയും പെൺകുട്ടികൾക്ക് ക്ലാസ്.
•ഒരു ദിവസത്തിൽ 40 മിനിറ്റ് ഒഴിവുസമയം അനുവദിക്കണം. ഓരോ ബ്രേക്കിനും പരമാവധി ഒഴിവുസമയം 20 മിനിറ്റായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.