അബൂദബി: വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണത്തിന്റെ തോത് കണ്ടെത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ അബൂദബിയിലെ നിരത്തുകളില്‍ സജ്ജീകരിച്ചു. ലേസര്‍ അടിസ്ഥാനമാക്കിയ റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യയാണ് സജ്ജീകരിച്ചിരിക്കുന്നത്. നവീന സാങ്കേതികവിദ്യയിലൂടെ വാഹനങ്ങള്‍ നിരത്തുകളില്‍ പുറന്തള്ളുന്ന മലിനീകരണത്തിന്റെ അളവ് ഈ സംവിധാനം കണ്ടെത്തുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. 4 എര്ത് ഇന്റലിജന്‍സ് കണ്‍സള്‍ട്ടന്‍സി എല്‍.എല്‍.സി, യു.എസ് കമ്പനിയായ ഹാഗര്‍ എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് അറ്റ്മോസ്ഫറിക് ടെക്നോളജീസ് (ഹീറ്റ്) എന്നിവയുമായി സഹകരിച്ചാണ് ഇത്തരമൊരു സംവിധാനം എമിറേറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹീറ്റിന്റെ എമിഷന്‍സ് ഡിറ്റക്ഷന്‍ ആന്‍ഡ് റിപോര്‍ട്ടിങ് എന്ന റിമോട്ട് സെന്‍സിങ് സംവിധാനമാണ് റോഡുകളിലെ മലിനീകരണ അളവ് കണ്ടെത്തുക. അബൂദബിയിലെ ആറിടങ്ങളിലായി മൂന്നാഴ്ചക്കാലമാവും ഈ സംവിധാനം പരീക്ഷിക്കുന്നത്. വാഹനത്തിന്റെ പുകക്കുഴലിലൂടെ പുറന്തള്ളുന്ന മലിനീകരണ തോത് അളക്കുന്നതിനു പുറമേ നമ്പര്‍പ്ലേറ്റ് പരിശോധിച്ച് വാഹനം ഏത് മോഡലാണ്, ഏത് ഇന്ധനമാണ് നിറക്കുന്നത്, വാഹനത്തിന്റെ ഭാരം, മലിനീകരണ നിലവാരം മുതലായ കാര്യങ്ങളും സംവിധാനം ശേഖരിക്കും.
ഉടമയുടെ വ്യക്തിപരമായ യാതൊരു വിവരങ്ങളും ശേഖരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ മലിനീകരണം നടത്തുന്ന വാഹനങ്ങളും അവയുടെ സാങ്കേതികവിദ്യയും തിരിച്ചറിയുന്നതിനും ഭാവി നയങ്ങള്‍ രൂപപ്പെടുത്തുന്നതിന് വിവരശേഖരണം നടത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പരിഹാരം കണ്ടെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.