ദുബൈ: ഗതാഗതക്കുരുക്ക് തീർക്കുന്ന യാത്രാദുരിതം പരിഹരിക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ദുബൈയിൽ പ്രത്യേക ബസ്, ടാക്സി ലൈൻ തുറക്കുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ദുബൈ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലാണ് ബസുകൾക്കും ടാക്സികൾക്കുമായി പ്രത്യേക സമർപ്പിത ലൈൻ തുറക്കാനൊരുങ്ങുന്നത്. ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്-അൽ മിന സ്ട്രീറ്റ് ഇൻറർസെക്ഷനിൽ നിന്ന് സാബീൽ സ്ട്രീറ്റിന് തൊട്ടുമുമ്പുവരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റർ ലൈനാണ് മൂന്നാം ഘട്ട വികസനത്തിെൻറ ഭാഗമായി ദീർഘിപ്പിച്ചത്. ഇത് ചുവപ്പുനിറത്തിൽ രേഖപ്പെടുത്തിയതായും അറിയിച്ചു. ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലെ 'ഡെഡിക്കേറ്റഡ് ബസ്, ടാക്സി ലെയ്ൻസ് പ്രോജക്ടിെൻറ'മൂന്നാം ഘട്ടം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇൗ മാസം 21 മുതൽ പുതിയ ലൈൻ പ്രവർത്തനസജ്ജമാകും. ഇതിനു മുന്നോടിയായി, സേവനം ഔപചാരികമായി പ്രവർത്തനക്ഷമമാകുന്നതുവരെ ബസുകൾക്കായി ഒരു ട്രയലിൽ പാതകൾ ഉപയോഗിക്കും.
പ്രത്യേക പാതകൾ സവിശേഷമായ ചുവന്ന നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കാൽനട പാതകളുടെ നിർമാണം, ബസ്-ടാക്സി യാത്രക്കാർക്ക് എയർ കണ്ടീഷൻഡ് ഷെൽട്ടറുകൾ, തെരുവ് വിളക്കുകൾ, റോഡരികിലെ പാർക്കിങ്, ലാൻഡ്സ്കേപ്പിങ് എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. മൂന്നാം ഘട്ടം പൂർത്തിയാക്കുന്നതിലൂടെ, ഏഴ് പ്രധാന തെരുവുകളിലായി വ്യാപിച്ചുകിടക്കുന്ന ബസ്, ടാക്സി പാതകളുടെ ദൈർഘ്യം 11.6 കിലോമീറ്ററായി ഉയരും.
പൊതുഗതാഗത മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിന് പൊതുജനങ്ങളെ ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമമായാണ് സമർപ്പിത ബസ്, ടാക്സി പാതകൾ നിർമിച്ചിരിക്കുന്നത്. വടക്കെ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഇത്തരം പാതകൾ പതിവാണെന്ന് ദുബൈ ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. ഗതാഗതരംഗത്ത് കൃത്യതയുടെ തോത് വർധിപ്പിക്കുക, പൊതുഗതാഗതം ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക, ടാക്സി വിളിച്ചാൽ എത്തിച്ചേരുന്നതിനുള്ള വേഗം മെച്ചപ്പെടുത്തുക, പ്രത്യക്ഷവും പരോക്ഷവുമായ പ്രവർത്തനചെലവും മലിനീകരണ മലിനീകരണവും കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇൻറർഗ്രേറ്റഡ് ദുൈബയുടെ തന്ത്രപരമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും പൊതുഗതാഗത യാത്രക്കാരുടെ സന്തോഷം വർധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.