ദുബൈ: യു.എ.ഇയിൽ പ്രവാസികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ബിസിനസ് തുടങ്ങാവുന്ന നിയമഭേദഗതി ജൂൺ ഒന്നു മുതൽ നടപ്പാക്കും.യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം നവംബർ 23ന് പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമാണ് ഇപ്പോൾ പ്രാബല്യത്തിൽ വരുന്നത്.
നിലവിലെ നിയമമനുസരിച്ച് ഫ്രീ സോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങാൻ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഭേദഗതി നടപ്പാകുന്നതോടെ വിദേശികൾക്ക് 100 ശതമാനം നിക്ഷേപത്തോടെ എൽ.എൽ.സികളും തുടങ്ങാം. എന്നാൽ എണ്ണഖനനം, ഊർജോൽപാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.
കമ്പനി ഉടമസ്ഥാവകാശ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് യു.എ.ഇ ആറു മാസം മുമ്പ് പ്രഖ്യാപിച്ചത്. ചിലത് ഡിസംബർ ആദ്യം മുതൽ നടപ്പാക്കിത്തുടങ്ങിയിരുന്നു. 100 ശതമാനം ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ളവ ആറു മാസത്തിനു ശേഷമാണ് നടപ്പാക്കുക എന്നും അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കുന്നത്. 122 മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് പൂർണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്. ഉൽപാദന, കാർഷിക മേഖലകൾക്കാണ് പ്രാധാന്യം. എന്നാൽ, നിശ്ചിത തുകക്ക് മുകളിൽ മുതൽമുടക്കുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ ഭേദഗതി വരുത്തി പ്രസിഡൻറ് ശൈഖ് ഖലീഫ ആൽ നഹ്യാനാണ് ഉത്തരവിറക്കിയത്.
കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഓഹരിയായി പൊതുജനങ്ങൾക്ക് വിൽക്കാം എന്നും ഭേദഗതിയിൽ പറഞ്ഞിരുന്നു. നേരത്തേ 30 ശതമാനം ഷെയറുകൾ വിൽക്കാൻ മാത്രമായിരുന്നു അനുമതി.
വീഴ്ചയുണ്ടായാൽ കമ്പനികളുടെ ചെയർമാനും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കേസ് ഫയൽ ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. നേരത്തേ മുതൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പുതിയ നിയമ ഭേദഗതിയുടെ ഗുണം ലഭിക്കും. പ്രഖ്യാപനം നടപ്പാക്കുന്നതോടെ യു.എ.ഇയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാമാരിയിൽ പ്രതിസന്ധിയിലായ ആഗോള സാമ്പത്തിക മേഖലക്ക് കരുത്തുപകരുന്ന നിയമ ഭേദഗതിയാണിതെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി പറഞ്ഞു. ദീർഘവീക്ഷണത്തോടെയുള്ള തീരുമാനമാണിതെന്നും രാജ്യത്തിെൻറ സാമ്പത്തിക മേഖലയിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്കാലത്ത് മറ്റു പല രാജ്യങ്ങളും നികുതി വർധിപ്പിച്ചപ്പോഴും സംരംഭകരെ ചേർത്തുപിടിക്കുന്ന നയമാണ് യു.എ.ഇ സ്വീകരിച്ചത്. ഫീസിളവ് നൽകിയും പിഴകൾ റദ്ദാക്കിയും സംരംഭകർക്ക് കൈത്താങ്ങ് നൽകിയിരുന്നു.
സ്വദേശികൾക്ക് പങ്കാളിത്തം നൽകിയിരുന്നത് ഗുണകരമായിരുന്നുവെന്ന് ഒരുവിഭാഗം പഴമക്കാർ പറയുന്നു.ഗവൺമെൻറ് ഓഫിസുകളിലെ പേപ്പർ ജോലികൾ വേഗത്തിലാക്കാനും കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാനും ബിസിനസ് വളർത്താനും ഇതുപകരിച്ചിരുന്നുവെന്നാണ് ഇവരുടെ അഭിപ്രായം. വലിയ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഇത് ഉപകരിച്ചിരുന്നു.
51 ശതമാനം ഓഹരി സ്വദേശികൾക്ക് നൽകുമെന്ന് പറയുേമ്പാഴും ഭൂരിപക്ഷം പേരും അതിെൻറ ആനുകൂല്യം അനുഭവിച്ചിരുന്നില്ല. മറിച്ച്, പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൈത്താങ്ങായി ഈ സ്വദേശികൾ അവരുടെ സാമ്പാദ്യത്തിലെ വിഹിതം പോലും നൽകിയിരുന്നു. ബിസിനസ് തകർന്ന സന്ദർഭത്തിൽ കരുത്തായി ഇവർ കൂടെയുണ്ടായിരുന്നുെവന്നും പഴയകാല ബിസിനസുകാർ നന്ദിയോടെ സ്മരിക്കുന്നു.
ദുബൈ: മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഗുണകരമായ തീരുമാനമാണ് നടപ്പാക്കാൻ പോകുന്നത്.നിലവിൽ പ്രവാസികൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങണമെങ്കിൽ സ്പോൺസറെ നിർബന്ധമാണ്. അല്ലാത്തപക്ഷം ഫ്രീ സോൺ ഏരിയയിലായിരിക്കണം ബിസിനസ് തുടങ്ങേണ്ടത്.
എന്നാൽ, പുതിയ തീരുമാനം നടപ്പാക്കുന്നതോടെ സ്പോൺസറെ തിരഞ്ഞുനടക്കേണ്ട ആവശ്യമില്ല. പണമുണ്ടെങ്കിൽ സ്വന്തമായി ബിസിനസ് തുടങ്ങാം.ടാറ്റ അടക്കം വൻകിട ഇന്ത്യൻ കമ്പനികൾ യു.എ.ഇയിൽ നിക്ഷേമിറക്കാർ പദ്ധതിയിട്ടിരുന്നു. ഇതുപോലുള്ള സ്ഥാപനങ്ങളെ കൂടുതൽ ആകർഷിക്കുന്നതാണ് പുതിയ നിയമം. ഉടമസ്ഥാവകാശം പൂർണമായും സ്വന്തമാകുന്നതോടെ വിദേശികൾക്ക് സ്ഥാപനത്തിെൻറ ചെയർമാനാകാനും തടസ്സമില്ല.
ഓഹരി പങ്കാളിത്തം നൽകുന്നയാളെ എങ്ങനെ വിശ്വസിക്കും എന്ന ആശങ്ക വിദേശ നിക്ഷേപകർക്ക് മുമ്പുണ്ടായിരുന്നു.ഇൗ ആശങ്ക അസ്ഥാനത്താകും. വർഷത്തിലും മാസത്തിലും സ്പോൺസർഷിപ് ഫീസ് അടക്കണമെന്ന ആശങ്കയും അകന്നുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.