ദുബൈ: യു.എ.ഇയുടെ ബഹിരാകാശ യാത്രികരുടെ രണ്ടാം ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുല്ലയും നൂറ അൽ മത്റൂഷിയും ആദ്യമായി പൊതുവേദിയിലെത്തി. അഡ്രസ് മാളിൽ നടന്ന മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിെൻറ വാർത്തസമ്മേളനത്തിലാണ് ഇരുവരും പങ്കെടുത്തത്. ഏപ്രിലിലാണ് ഇവരുവരെയും അടുത്ത ബഹിരാകാശയാത്രക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
28കാരിയായ നൂറ അൽ മത്റൂഷി ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്ന അറബ് ലോകത്തെ ആദ്യ വനിതയാണ്. ബഹിരാകാശത്ത് ആദ്യമെത്തിയ ഹസ്സാഅ് അൽ മൻസൂരിയുടെയും സുൽത്താൻ അൽ നിയാദിയുടെയും സഹപ്രവർത്തകരായി ഇവരെ തിരഞ്ഞെടുത്തതിെൻറ പ്രഖ്യാപനം നടത്തിയത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു.
നാലായിരത്തിലേറെ പേർ അപേക്ഷിച്ചതിൽനിന്നാണ് പരീക്ഷകൾക്കും പരിശോധനകൾക്കും ശേഷം ഇവർ തിരഞ്ഞെടുക്കപ്പെട്ടത്.ബഹിരാകാശയാത്ര തനിക്ക് കുട്ടിക്കാലത്തെ സ്വപ്നത്തിെൻറ സഫലീകരണമാണെന്ന് വാർത്തസമ്മേളനത്തിൽ നൂറ അൽ മത്റൂഷി പറഞ്ഞു. കിൻറർഗാർട്ടനിലെ എെൻറ അധ്യാപകൻ കൂടാരം പണിയാൻ ആവശ്യപ്പെടുകയും അത് ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന ബഹിരാകാശ വാഹനമായി കരുതണമെന്നും പറഞ്ഞു.
ആദ്യമായി ബഹിരാകാശയാത്രക്ക് ആഗ്രഹിച്ചത് അന്നാണ്. അതിനുശേഷം ബഹിരാകാശ യാത്രികയാകാൻ ഏറെ കൊതിച്ചു -അവർ പറഞ്ഞു. വർഷങ്ങളായി എണ്ണ-ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുേമ്പാഴും ആഗ്രഹം അങ്ങനെ നിന്നു. അത് സഫലമായിരിക്കയാണിപ്പോഴെന്നും മത്റൂഷി പറഞ്ഞു.ഇരു ബഹിരാകാശ യാത്രികരും യു.എ.ഇയിൽ പരിശീലനം നേടുകയാണ്. നീന്തൽ, സ്കൂബാ ഡൈവിങ്, അതിജീവന പരിശീലനങ്ങൾ, സ്റ്റാമിന വർധിപ്പിക്കൽ, വിമാനം പറത്തൽ ക്ലാസുകൾ, റഷ്യൻ ഭാഷാപഠനം എന്നിവയാണുള്ളത്.
ഡിസംബറിൽ ഇരുവരും പരിശീലനം പൂർത്തിയാക്കാൻ യു.എസിലെ നാസയിലേക്ക് പോകും. യു.എസ്-യു.എ.ഇ ധാരണപ്രകാരം നാസയുടെ ജോൺസൺ സ്പേസ് സെൻററിലാണ് ഇവരുടെ പരിശീലനം. ബഹിരാകാശത്തെ നടത്തം, താമസം തുടങ്ങിയ പ്രയോഗികവും അല്ലാത്തതുമായ പരിശീലനവും ക്ലാസുകളും ഇവിടെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.