അബൂദബി: നാട്ടിലേക്ക് പോകവേ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശി മരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മൂർക്കനാട് സ്വദേശി കുഞ്ഞിമുഹമ്മദ് (46) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.ഒക്ടോബർ 19ന് ഉച്ചയ്ക്ക് ഒന്നോടെയാണ് കുഞ്ഞിമുഹമ്മദ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ബാഗേജ് തൂക്കിയ ശേഷം നടന്നുപോകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിമുഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വിമാനത്താവള മെഡിക്കൽ സംഘവും പൊലീസുമെത്തി മഫ്റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
എട്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ കുഞ്ഞിമുഹമ്മദ് സ്വയ്ഹാനിൽ അറബി വീട്ടിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ 18 വർഷം അബൂദബി മുഷ്രിഫിൽ ഒരു കഫ്റ്റീരിയയിൽ പ്രവർത്തിച്ചിരുന്നു.പൊട്ടച്ചോല മുഹമ്മദിെൻറയും ആയിശയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: തഫ്സീറ, സാദത്ത്, സിനാൻ. മരുമകൻ: ഫൈസൽ. സഹോദരങ്ങൾ: റഷീദ്, ശരീഫ്, അഷറഫ്, സുഹറ, ഇമ്മുട്ടി.
അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബുധനാഴ്ച പുലർച്ചെ 12. 20നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നതായി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ, കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ മൂർക്കനാട് പഴയ പള്ളി ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യാസഹോദരൻ സയ്യിദ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.