‘വൺ ബില്യൺ മീൽസ്​​’; കടലോളം കാരുണ്യം

​ദുബൈ: കാരുണ്യത്തിന്‍റെ മാസമായ റമദാനിൽ പ്രഖ്യാപിക്കപ്പെട്ട ‘വൺബില്യൺ മീൽസ്​’ പദ്ധതിക്ക്​ ആദ്യദിനങ്ങളിൽ തന്നെ മികച്ച പ്രതികരണം. യു.എ.ഇയിലെ വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും വ്യക്​തികളും പദ്ധതി പ്രഖ്യാപിക്കപ്പെട്ട്​ ആദ്യ മണിക്കൂറുകളിൽ തന്നെ സംഭാവനകളും സഹായവുമായി രംഗത്തുണ്ട്​. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്ന പദ്ധതി ഇത്തവണയും നടപ്പിലാക്കുമെന്ന്​ റമദാൻ പിറക്കുന്നതിന്​ തൊട്ടുമുമ്പാണ്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചത്​. റമദാൻ ഒന്നുമുതൽ ആരംഭിക്കുന്ന ആരംഭിക്കുന്ന പദ്ധതി നൂറു കോടി പേർക്ക്​ ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത്​ വരെ തുടരും. സുതാര്യത നിറഞ്ഞ സംവിധാനമെന്ന നിലയിലാണ്​ ആദ്യഘട്ടത്തിൽ തന്നെ പദ്ധതി സ്വീകരിക്കപ്പെടാനുള്ള കാരണം.

ലോകത്ത്​ പത്തി​ലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്​ലാമികവുമായ ദൗത്യമെന്ന നിലയിലാണ്​ പദ്ധതി ഇത്തവണയും തുടരുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക. ഫലസ്തീൻ, ലബനൻ, ജോർഡൻ, സുഡാൻ, യമൻ, തുനീഷ്യ, ഇറാഖ്​, ഈജിപ്ത്​, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്​​, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണ​പൊതികൾ കഴിഞ്ഞ തവണ എത്തുകയുണ്ടായി. 2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ കാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​.

‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ സംഭാവന നൽകുന്നത്​ പ്രോൽസാഹിപ്പിക്കാൻ ദുബൈ പൊലീസ് അടക്കം വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്​​. ഇഫ്താർ പീരങ്കി വിഭാഗം ഒരുക്കുന്ന പ്രതിദിന തത്സമയ സംപ്രേക്ഷണത്തിനിടെ 10ലക്ഷം ദിർഹമോ അതിൽ കൂടുതലോ സംഭാവന ചെയ്യുന്നവരുടെ പേര് പ്രഖ്യാപിക്കുന്നാണ്​ ദുബൈ പൊലീസിന്‍റെ പദ്ധതി. ദുബൈ ഇസ്​ലാമിക അഫയേഴ്​സ്​ ആന്‍റ്​ ചാരിറ്റബിൾ ആക്ടിവിറ്റീസ്​ ഡിപാർട്ട്​മെന്‍റും (ഐകാഡ്​) ദുബൈ സ്​പോർട്​സ്​ കൗൺസിലും പ്ലാൻ ബി ഗ്രൂപ്പും ചേർന്ന്​​ ‘എ സ്​റ്റെപ്​ ഫോർ ലൈഫ്​’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്​​. ജീവകാരുണ്യ-കായിക മേഖലകളെ സമന്വയിപ്പിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഓരാളുടെ ഒരോ 1000 ചുവടുകൾക്കും 10 ദിർഹം വീതം ഇസ്​ലാമിക കാര്യ വകുപ്പ്​ ജലീലിയ ഫൗണ്ടേഷന്​ നൽകുന്നതാണ്​ പദ്ധതി. 100 കോടി ചുവടുകൾ പൂർത്തിയാക്കുക വഴി 10 ലക്ഷം ദിർഹം അൽ ജലീലിയ ഫൗണ്ടേഷന്​ സംഭാവന നൽകാനാണ്​ ലക്ഷ്യമിടുന്നത്​. ഈ തുക രോഗികളുടെ ചികിത്സക്കും ആരോഗ്യ രംഗത്തെ ​ഗവേഷണത്തിനും ഉപയോഗിക്കും. ആരോഗ്യ സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനവും ഒരേസമയം ചെയ്യാനുള്ള അവസരം കൂടിയാണ്​ സംഘാടകർ ഒരുക്കുന്നത്​. ഇത്തരത്തിൽ വൈവിധ്യങ്ങളായ സംരംഭങ്ങളിലൂടെയാണ്​.  

എങ്ങിനെ സംഭാവന നൽകാം

10 ദിർഹമാണ്​ ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്​സൈറ്റ്​ വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്​സ്​ എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക്​ അക്കൗണ്ടിലേക്ക്​ പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന്​ തുക അടക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്​. ഇതിനായി ഇത്തിസാലാത്ത്​, ഡു ഉപഭോക്​താക്കൾ Meal എന്ന്​ ടൈപ്പ്​ ​ചെയ്ത ശേഷം മെസേജ്​ അയച്ചാൽ മതി.

10ദിർഹം 1034 എന്ന നമ്പറിലേക്കും 50ദിർഹമാണെങ്കിൽ 1035ലേക്കും 100ദിർഹമാണെങ്കിൽ 1036ലേക്കും 500ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്​.എം.എസ്​ അയച്ചാൽ മതി. മാസത്തിൽ സംഭാവന ​​ചെയ്യാനുള്ള ഒപ്​ഷനിൽ കുറഞ്ഞ തുക 30ദിർഹമാണ്​​. വലിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ കാമ്പയിനിന്‍റെ കോൾസെന്‍ററായ 8009999 ലേക്ക്​ വിളിച്ചാൽ ശരിയായ രൂപം പറഞ്ഞുതരുന്നതുമാണ്​.

Tags:    
News Summary - One Billion Meals'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.