‘വൺ ബില്യൺ മീൽസ്’; കടലോളം കാരുണ്യം
text_fieldsദുബൈ: കാരുണ്യത്തിന്‍റെ മാസമായ റമദാനിൽ പ്രഖ്യാപിക്കപ്പെട്ട ‘വൺബില്യൺ മീൽസ്’ പദ്ധതിക്ക് ആദ്യദിനങ്ങളിൽ തന്നെ മികച്ച പ്രതികരണം. യു.എ.ഇയിലെ വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും വ്യക്തികളും പദ്ധതി പ്രഖ്യാപിക്കപ്പെട്ട് ആദ്യ മണിക്കൂറുകളിൽ തന്നെ സംഭാവനകളും സഹായവുമായി രംഗത്തുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്ന പദ്ധതി ഇത്തവണയും നടപ്പിലാക്കുമെന്ന് റമദാൻ പിറക്കുന്നതിന് തൊട്ടുമുമ്പാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചത്. റമദാൻ ഒന്നുമുതൽ ആരംഭിക്കുന്ന ആരംഭിക്കുന്ന പദ്ധതി നൂറു കോടി പേർക്ക് ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത് വരെ തുടരും. സുതാര്യത നിറഞ്ഞ സംവിധാനമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ തന്നെ പദ്ധതി സ്വീകരിക്കപ്പെടാനുള്ള കാരണം.
ലോകത്ത് പത്തിലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്ലാമികവുമായ ദൗത്യമെന്ന നിലയിലാണ് പദ്ധതി ഇത്തവണയും തുടരുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. ഫലസ്തീൻ, ലബനൻ, ജോർഡൻ, സുഡാൻ, യമൻ, തുനീഷ്യ, ഇറാഖ്, ഈജിപ്ത്, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണപൊതികൾ കഴിഞ്ഞ തവണ എത്തുകയുണ്ടായി. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് സംഭാവന നൽകുന്നത് പ്രോൽസാഹിപ്പിക്കാൻ ദുബൈ പൊലീസ് അടക്കം വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇഫ്താർ പീരങ്കി വിഭാഗം ഒരുക്കുന്ന പ്രതിദിന തത്സമയ സംപ്രേക്ഷണത്തിനിടെ 10ലക്ഷം ദിർഹമോ അതിൽ കൂടുതലോ സംഭാവന ചെയ്യുന്നവരുടെ പേര് പ്രഖ്യാപിക്കുന്നാണ് ദുബൈ പൊലീസിന്‍റെ പദ്ധതി. ദുബൈ ഇസ്ലാമിക അഫയേഴ്സ് ആന്‍റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റും (ഐകാഡ്) ദുബൈ സ്പോർട്സ് കൗൺസിലും പ്ലാൻ ബി ഗ്രൂപ്പും ചേർന്ന് ‘എ സ്റ്റെപ് ഫോർ ലൈഫ്’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവകാരുണ്യ-കായിക മേഖലകളെ സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരാളുടെ ഒരോ 1000 ചുവടുകൾക്കും 10 ദിർഹം വീതം ഇസ്ലാമിക കാര്യ വകുപ്പ് ജലീലിയ ഫൗണ്ടേഷന് നൽകുന്നതാണ് പദ്ധതി. 100 കോടി ചുവടുകൾ പൂർത്തിയാക്കുക വഴി 10 ലക്ഷം ദിർഹം അൽ ജലീലിയ ഫൗണ്ടേഷന് സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ തുക രോഗികളുടെ ചികിത്സക്കും ആരോഗ്യ രംഗത്തെ ഗവേഷണത്തിനും ഉപയോഗിക്കും. ആരോഗ്യ സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനവും ഒരേസമയം ചെയ്യാനുള്ള അവസരം കൂടിയാണ് സംഘാടകർ ഒരുക്കുന്നത്. ഇത്തരത്തിൽ വൈവിധ്യങ്ങളായ സംരംഭങ്ങളിലൂടെയാണ്.
എങ്ങിനെ സംഭാവന നൽകാം
10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഇതിനായി ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾ Meal എന്ന് ടൈപ്പ് ചെയ്ത ശേഷം മെസേജ് അയച്ചാൽ മതി.
10ദിർഹം 1034 എന്ന നമ്പറിലേക്കും 50ദിർഹമാണെങ്കിൽ 1035ലേക്കും 100ദിർഹമാണെങ്കിൽ 1036ലേക്കും 500ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്.എം.എസ് അയച്ചാൽ മതി. മാസത്തിൽ സംഭാവന ചെയ്യാനുള്ള ഒപ്ഷനിൽ കുറഞ്ഞ തുക 30ദിർഹമാണ്. വലിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് കാമ്പയിനിന്‍റെ കോൾസെന്‍ററായ 8009999 ലേക്ക് വിളിച്ചാൽ ശരിയായ രൂപം പറഞ്ഞുതരുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.